Nedumbasserry gold smuggling case; justice K T Shankaran

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് പ്രതി നൗഷൗദ് കൈക്കൂലി വാഗ്ദാനം ചെയ്തതായി ജസ്റ്റിസ് കെടി ശങ്കരന്റെ വെളിപ്പെടുത്തല്‍. ഇരുപത്തഞ്ചു ലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്തതെന്ന് ജസ്റ്റിസ് കെടി ശങ്കരന്‍ തന്നെ കോടതിയില്‍ വെളിപ്പെടുത്തുകയായിരുന്നു. കേസില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്നും ജഡ്ജി പറഞ്ഞു.

ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ 400 കോടിയുടെ സ്വര്‍ണം നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം കടത്തിയതായാണ് കേസ്. ഇതിലൂടെ വന്ന പണം മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്കാണ് നൗഷാദ് ഒഴുക്കിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

57 പ്രതികളുള്ള ഈ കേസില്‍ പി എ നൗഷാദ്, ജാബിന്‍ കെ ബഷീര്‍, പി എ ഫൈസല്‍, എം എം സലിം, ഫൈസല്‍ കെ ബി, യാസിര്‍ ഇബ്‌നു മുഹമ്മദ്, സൈഫുദ്ദീന്‍ എം എസ്, ബിബിന്‍ സക്കറിയ, ഷിനോയ് മോഹന്‍ദാസ് എന്നീ പ്രതികള്‍ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ്. നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്ര എക്കോണമിക് ഇന്റലിജന്‍സ് ബ്യൂറോ നടപടികള്‍ ആരംഭിച്ചിരുന്നു.

2013 മുതല്‍ 2015 വരെയുള്ള കാലത്താണ് നെടുമ്പാശേരി വിമാനത്താവളം വഴി 400 കോടി രൂപ വിലവരുന്ന സ്വര്‍ണം ഇവര്‍ കടത്തിയത്. ഇതിന് എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായ ജാബിന്‍ കെ ബഷീറും ഗ്രൗണ്ട് ഹാന്റ്‌ലിങ് ഉദ്യോഗസ്ഥരും സഹായിച്ചുവെന്ന് കണ്ടെത്തിയിരുന്നു.

Top