ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മാല വിവാദം; മുന്‍ മേല്‍ശാന്തിയില്‍നിന്ന് ദേവസ്വം വിജിലന്‍സ് മൊഴിയെടുത്തു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒന്‍പത് മുത്തുകള്‍ കാണാതായെന്ന പരാതിയില്‍ മുന്‍ മേല്‍ശാന്തിയില്‍നിന്ന് ദേവസ്വം വിജിലന്‍സ് മൊഴിയെടുത്തു.

2018ല്‍ താന്‍ മേല്‍ശാന്തിയായി ചുമതലയേറ്റെടുക്കുമ്പോള്‍ തിരുവാഭരണ രജിസ്റ്റര്‍ പ്രകരം 51ഇനം ഉരുപ്പടികള്‍ മഹസര്‍പടി ഏറ്റെടുത്തിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. എണ്ണം മാത്രം നോക്കിയാണ് സാധനങ്ങള്‍ ഏറ്റെടുത്തതെന്നും കാരണം തിരക്കിയപ്പോള്‍ ഇങ്ങനെയാണ് ഇവിടത്തെ പതിവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും മുന്‍ മേല്‍ശാന്തി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലായ് അഞ്ചിന് പുതിയ മേല്‍ശാന്തി ചുമതലയേറ്റെടുത്തപ്പോള്‍ തിരുവാഭരണ രജിസ്റ്റര്‍ പ്രകാരം 218ാം നമ്പരായി ചേര്‍ത്തിട്ടുള്ള 23 ഗ്രാം തൂക്കമുള്ളതും 81 രുദ്രാക്ഷക്കായ് കെട്ടിയിട്ടുള്ളതുമായ സ്വര്‍ണ്ണമാല കാണാനില്ലെന്നാണ് അറിയിച്ചത്.

സ്വര്‍ണ്ണമാല ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നാലോ അഞ്ചോ ലക്ഷം രൂപ മുടക്കി മേല്‍ശാന്തി തന്നെ വാങ്ങിവെച്ച് കേസില്‍നിന്ന് ഒഴിവാകാന്‍ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്നും മേല്‍ശാന്തി പറഞ്ഞു.

Top