ബീഹാറില്‍ കോവിഡ് കേസുകള്‍ 60; അതില്‍ മൂന്നിലൊന്നും ഒരു കുടുംബത്തില്‍ നിന്ന് !

ബിഹാര്‍: ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്ത 60 കോവിഡ് 19 കേസുകളില്‍ മൂന്നിലൊന്നും ഒരു കുടുംബത്തില്‍ നിന്ന്. പട്നയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിവാന്‍ ജില്ലയിലെ ഒരു കുടുംബത്തിലെ 23 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചരിക്കുന്നത്.

കഴിഞ്ഞ മാസം ഒമാനില്‍ നിന്നെത്തിയ വ്യക്തിയില്‍ നിന്നാണ് വൈറസ് ബാധ മറ്റ് കുടുംബാഗങ്ങളിലേയ്ക്കും പകര്‍ന്നത്.മാര്‍ച്ച് 16ന് ഒമാനില്‍ നിന്നെത്തിയ ഇയാള്‍ക്ക് ഏപ്രില്‍ 4നാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനിടയില്‍ ശിവാനിലെ പല ഭാഗങ്ങളിലും ഇയാള്‍ സഞ്ചരിച്ചിരുന്നു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബത്തിലെ ഇരുപത്തിരണ്ട് പേര്‍ക്കാണ് ഇയാളില്‍നിന്ന് രോഗം പകര്‍ന്നത്. അവരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല എന്നതും ആശങ്ക സൃഷ്ടിക്കുന്നു.

ഇതില്‍ 4 പേര്‍ സുഖംപ്രാപിച്ചു.എന്നാല്‍ ഇവര്‍ രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ തുടരേണ്ടി വരും. കുടുംബത്തിലെ മറ്റു 10 പേരുടെ പരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടില്ല. ഗ്രാമത്തിലെ മറ്റു രണ്ടു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സിവാന്‍ ജില്ലയില്‍ മാത്രം 31 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളില്‍ പകുതിയും സിവാന്‍ ജില്ലയില്‍ നിന്നുള്ളതാണ്. ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാനത്തെ പ്രധാന ഹോട്ട്സ്പോട്ടായ സിവാനില്‍ കര്‍ശന നടപടികളാണ് സംസ്ഥാന ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലയിലെ 10 ബ്ലോക്കുകളിലെ പഞ്ച്വര്‍ ഉള്‍പ്പടെ നാല്‍പത്തിമൂന്ന് ഗ്രാമങ്ങള്‍ അടച്ചിട്ട് സീല്‍ ചെയ്തു. കൂടാതെ ബെഗുസാരായി, നവാഡ, സിവാന്‍ എന്നീ ജില്ലകളുടെ അതിര്‍ത്തികളും അടയ്ക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഇതുവരെ ഒരു മരണം ഉള്‍പ്പെടെ 60 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിരിക്കുന്നത്.

രോഗ ലക്ഷണങ്ങളില്ലെങ്കിലും വിദേശരാജ്യത്ത് നിന്ന് മടങ്ങിയെത്തിയ
എല്ലാവരും കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാകണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. യാത്രാവിവരങ്ങള്‍ മറച്ചുവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top