അമേരിക്കയില്‍ പിടിമുറുക്കി കൊറോണ ! 24 മണിക്കൂറിനിടെ പൊലിഞ്ഞത് 4,591 ജീവന്‍

വാഷിങ്ടന്‍: കൊറോണ എന്ന കൊലയാളി വൈറസ് സംഹാരതാണ്ഡവമാടുന്ന അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പൊലിഞ്ഞത് 4,591 ജീവന്‍. വ്യാഴാഴ്ച രാത്രി 8.30 വരെയുള്ള കണക്കുകളാണ് ഇത്. അമേരിക്കയില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയും, ലോകത്ത് തന്നെ ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കുമാണിത്.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ ഇതുവരെ കൊറോണ ബാധിച്ച് 34,641 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 678,144 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയിലെ പ്രധാന നഗരങ്ങളായ ന്യൂയോര്‍ക്, ന്യൂജഴ്‌സി എന്നിവയാണ് വൈറസിന്റെ പ്രഭവ കേന്ദ്രങ്ങള്‍. ന്യൂയോര്‍ക്കില്‍ മാത്രം 2,26,000ത്തോളം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും 16,106 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരും ന്യൂയോര്‍ക്കിലാണ്. ന്യൂജഴ്‌സിയില്‍ 3518 പേര്‍ മരണപ്പെടുകയും 75,000ത്തോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ഇത്തരത്തില്‍ രൂക്ഷമായ സാഹചര്യം നിലനില്‍ക്കുമ്പോഴും രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെടുന്നത്. മുന്‍കൂട്ടി കണ്ട് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രതിസന്ധിഘട്ടം മറികടക്കാനായെന്നാണ് അദ്ദേഹത്തിന്റെ വാദം.

യുഎസ് സെന്റ്ര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ ഏപ്രില്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ രോഗം ബാധിച്ചവരില്‍ 4 ശതമാനവും ഏഷ്യന്‍ വംശജരും മൂന്നിലൊന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുമാണ്.

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും യുഎസിനേക്കാള്‍ ബഹുദൂരം പിന്നിലാണ് മറ്റു രാജ്യങ്ങള്‍.ഒരു സമയത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഇതുവരെ 22,170 പേരാണ് മരിച്ചത്. ഇവിടെ 168,941 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ കണക്കില്‍ യുഎസിനു പിന്നിലുള്ള സ്‌പെയിനില്‍ 1,84,948 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Top