മെക്സിക്കോയില്‍ ഉഷ്ണതരംഗത്തില്‍ ഇതിനകം മരിച്ചത് നൂറോളം പേര്‍

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് നൂറോളം പേര്‍. ഭൂരിഭാഗം പേരുടെയും മരണകാരണം സൂര്യാതപമാണ്. നിര്‍ജലീകരണവും ചിലരുടെ മരണത്തിന് വഴിവെച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പല ഭാഗത്തും താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തെന്ന് മെക്സിക്കോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാഴ്ചയായി അനുഭവപ്പെടുന്ന ഉഷ്ണതരംഗം രാജ്യത്തെ വൈദ്യുതിവിതരണ ശൃംഖലയെയും ആവശ്യകതയെയും സാരമായി ബാധിച്ചിട്ടുണ്ട്.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മൂന്നില്‍ രണ്ട് മരണവും സംഭവിച്ചത് ജൂണ്‍ 18-24-ന് ഇടയിലാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒരേയൊരു മരണം മാത്രമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ആകെ മരണത്തിന്റെ 64 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് വടക്കന്‍ സംസ്ഥാനമായ ന്യൂവോ ലിയോണിലാണ്. ഈയടുത്ത ദിവസങ്ങളില്‍ മഴ എത്തിയതോടെ താപനിലയില്‍ കുറവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും മെക്സിക്കോയിലെ ചില വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന താപനിലയാണ്.

Top