അടുത്ത റെക്കോര്‍ഡിനായി കൊഹ്ലി ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക്

വിശാഖപട്ടണം: റെക്കോര്‍ഡുകളുടെ തോഴനാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുമ്പോള്‍ ബാറ്റിങ് കരിയറിലെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിലാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 21,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കൊഹ്ലിയെ കാത്തിരിക്കുന്നത്.

അടുത്ത 41 ഇന്നിങ്സുകള്‍ക്കുള്ളില്‍ 281 റണ്‍സ് നേടാനായാല്‍ ഈ റെക്കോര്‍ഡു കൂടി കൊഹ്ലിയ്ക്കു സ്വന്തമാകും. മികച്ച ഫോമിലുള്ള താരം റെക്കോര്‍ഡ് നേടുമെന്നു തന്നെയാണ് ആരാധകര്‍ വിലയിരുത്തുന്നത്. നാളെയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡുള്ള കോഹ്ലി അവര്‍ക്കെതിരായ ഒമ്പത് ടെസ്റ്റില്‍ നിന്ന് 47.37 ശരാശരിയില്‍ 758 റണ്‍സ് അടിച്ചെടുത്തിട്ടുമുണ്ട്. രണ്ടു സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണിത്.

ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലുമായി 432 ഇന്നിങ്സുകളില്‍ നിന്നായി 20,719 റണ്‍സാണ് ഇപ്പോള്‍ കോഹ്ലിയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ റെക്കോഡിന് അവകാശി. 473 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 21,000 അന്താരാഷ്ട്ര റണ്‍സ് തികച്ചത്. 485 ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ബ്രയാന്‍ ലാറയാണ് രണ്ടാം സ്ഥാനത്ത്.

Top