‘വിമര്‍ശനമല്ല, യാഥാര്‍ത്ഥ്യം പറഞ്ഞതാണ്’; എംടിയുടെ വിശദീകരണമിങ്ങനെയെന്ന് എന്‍ഇ സുധീര്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ എംടിയുടെ വിശദീകരണവുമായി എഴുത്തുകാരന്‍ എന്‍ഇ സുധീറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. വിമര്‍ശനത്തിന് മുമ്പും ശേഷവും എംടിയുമായി താന്‍ സംസാരിച്ചിരുന്നു എന്നും പറഞ്ഞത് വിമര്‍ശനമല്ല, യാഥാര്‍ത്ഥ്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നും എന്‍ഇ സുധീര്‍ കുറിച്ചു.

വിമര്‍ശിക്കുകയായിരുന്നില്ല, യാഥാര്‍ത്ഥ്യം പറഞ്ഞത് ആത്മവിമര്‍ശനത്തിനാണെന്നും എംടി പറഞ്ഞതായി സുധീര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു. പ്രസംഗത്തിന് ശേഷമുള്ള സംസാരത്തിലാണ് എംടി ഇങ്ങനെ പറഞ്ഞതെന്നും സുധീര്‍ വ്യക്തമാക്കുന്നു. എംടി എന്നോട് പറഞ്ഞത് ഇതാണ്. ‘ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്.’ സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു എന്നും ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്താണ് സുധീര്‍ എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Top