NDTV ban not based on newly made rule or principle: Venkaiah Naidu

ന്യൂഡല്‍ഹി: സ്വകാര്യ ഹിന്ദി ചാനലായ എന്‍.ഡി.ടി.വിക്ക് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയത് രാജ്യത്തിന്റെ താല്‍പര്യം പരിഗണിച്ചാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

ചാനലിനെതിരെ കൈകൊണ്ട നടപടിക്ക് എതിരെ വൈകി എത്തിയ വിമര്‍ശനങ്ങള്‍ വിവരമില്ലായ്മയും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിന്റെ ഭദ്രതയും സുരക്ഷയും പരിഗണിച്ചാണ് ടി.വി ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയത്.’ നായിഡു പറഞ്ഞു.

പത്താന്‍കോട് ആക്രമണം സംപ്രേക്ഷണം ചെയ്തതിനാണ് ചാനലിന് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയത്. ചാനലിനെ നവംബര്‍ 9 മുതല്‍ നവംബര്‍ 10 വരെ ഒരു ദിവസത്തേക്ക് വിലക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.

ആക്രമണ സമയത്ത് സൈനികര്‍ സംഭവസ്ഥലത്ത് വന്നിറങ്ങുന്നതും ആക്രമണ രംഗങ്ങളും ചാനല്‍ പുറത്ത് വിട്ടിരുന്നു. കൂടാതെ സൈനികര്‍ താമസിക്കുന്ന സ്‌കുളുകളുടെയും മറ്റ് താമസസ്ഥലങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും ചാനല്‍ പുറത്ത് വിട്ടു.

ഇത് 1994 ലെ കേബ്ള്‍ ടി.വി. നെറ്റ്‌വര്‍ക്ക് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും മന്ത്രിസഭാ സമിതി നിരീക്ഷിച്ചു. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ കാരണങ്ങള്‍ ഉള്ളതിനാല്‍ ഭീകരാക്രമണങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചിരുന്നു.

അതേസമയം ആരോപണങ്ങള്‍ ചാനല്‍ നിഷേധിച്ചിരുന്നു. മറ്റു ചാനലുകളും പത്രങ്ങളും പുറത്തുവിട്ട വാര്‍ത്തകള്‍ക്ക് അപ്പുറം മറ്റൊരു വിവരങ്ങളും സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നായിരുന്നു അവരുടെ വാദം.

Top