പുത്തുമലയിലെ തെരച്ചില്‍ ദേശീയദുരന്തനിവാരണസേന അവസാനിപ്പിച്ചു

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയിലെ തെരച്ചില്‍ ദേശീയദുരന്തനിവാരണസേന അവസാനിപ്പിച്ചു. ഇനി നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രാദേശികമായി തെരച്ചിലുണ്ടാവും. പുത്തുമല ദുരന്തത്തില്‍പ്പെട്ട് കാണാതായ അഞ്ച് പേരില്‍ നാല് പേരുടേയും കുടുംബങ്ങള്‍ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന തീരുമാനം അംഗീകരിച്ചു.

എന്നാല്‍ പുത്തുമല സ്വദേശി ഹംസക്ക് വേണ്ടി ഒരിക്കല്‍ കൂടി തെരച്ചില്‍ നടത്തണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹംസക്ക് വേണ്ടി തിങ്കളാഴ്ച പൊലീസും ഫയര്‍ഫോഴ്സും പുത്തുമലയിലെ മസ്ജിദിനോട് ചേര്‍ന്ന് തിരച്ചില്‍ നടത്തും.

16 ദിവസം നീണ്ട തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു.

മനുഷ്യസാധ്യമായ എല്ലാ രീതിയിലും തെരച്ചില്‍ നടത്തിയെന്നും ലഭ്യമായ എല്ലാ സംവിധാനങ്ങളും തെരച്ചിലിന് വേണ്ടി ഉപയോഗിച്ചെന്നും ദേശീയദുരന്തനിവാരണസേന, അഗ്‌നിരക്ഷാസേന, പൊലീസ്, സന്നദ്ധസംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചു.

അടുത്ത ദിവസം ഹംസയുടെ ഒരു ബന്ധുവിന്റെ കല്ല്യാണം ഉള്ളതിനാലാണ് തെരച്ചില്‍ തിങ്കളാഴ്ചയിലേക്ക് നീട്ടിയത്.

Top