ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ശ്രമിച്ച പാക്കിസ്ഥാനിക്കെതിരെ കുറ്റം ചുമത്തി

ദുബായ് : ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാക്കിസ്ഥാനിക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തി. പി.ആര്‍.ഒ ആയ പാക്കിസ്ഥാനിക്കെതിരെ അല്‍റഫാ പൊലീസ് സ്റ്റേഷനിലാണ് പരാതി ഫയല്‍ ചെയ്തിരുന്നത്. അടുത്ത മാസം നാലിനാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്. ബര്‍ദുബായ് മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്.

സമീപത്തെ ഷോപ്പിംഗ് സെന്ററില്‍ പോകാന്‍ എങ്ങനെ മെട്രോ സ്റ്റേഷനു പുറത്തു കടക്കാമെന്നു ചോദിച്ചുകൊണ്ടാണ് പാക്കിസ്ഥാനി വിദ്യാര്‍ത്ഥിയെ സമീപിച്ചത്. തുടര്‍ന്ന് അക്കാദമിക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ പിന്തുടരുകയും,ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ഥി മൊഴി നല്‍കിയത്.

വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി സംഭവം പറഞ്ഞതെന്ന് മാതാവ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടി ലിഫ്റ്റില്‍ നിന്നിറങ്ങി ഭയന്നോടുന്നത് കാണാമായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ ഈ ദൃശ്യവും തെളിവായി ഹാജരാക്കിയിട്ടുണ്ട്. കുട്ടിയുമായി സംസാരിച്ചതല്ലാതെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

Top