ഇന്ത്യ കാനഡ തര്‍ക്കം; കനേഡിയന്‍ കമ്പനിയുടെ ഓഹരി വാങ്ങുന്നത് താല്‍കാലികമായി മരവിപ്പിച്ച് ഇന്ത്യന്‍ സ്റ്റീല്‍ കമ്പനി

ഡല്‍ഹി: ഇന്ത്യ കാനഡ തര്‍ക്കം ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളാക്കുന്നു. കനേഡിയന്‍ കമ്പനിയുടെ ഓഹരി വാങ്ങുന്നത് താല്‍കാലികമായി മരവിപ്പിച്ച് ഇന്ത്യയുടെ ജെഎസ്ഡബ്ല്യു സ്റ്റീല്‍ കമ്പനി. കാനഡയിലെ സ്റ്റീല്‍ ഉല്പാദന കമ്പനിയായ ടെക്ക് റിസോഴ്‌സിന്റെ ഓഹരി വാങ്ങുന്ന നടപടിയാണ് മെല്ലെയാക്കിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സ്റ്റീല്‍ ബിസിനസില്‍ ഉപയോഗിക്കുന്ന കോക്കിംഗ് കല്‍ക്കരി കയറ്റുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് കാനഡ. ഓസ്ട്രേലിയ, റഷ്യ, അമേരിക്ക എന്നിവയാണ് ആദ്യ മൂന്ന് രാജ്യങ്ങള്‍.

ശേഷിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു സ്റ്റീലും ടെക്കും തമ്മിലുള്ള ഓഹരി വില്‍പ്പനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നം കുറയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും എന്നാണ് ടെക്ക് റിസോഴ്സ് അഭിപ്രായപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നാലാം ദിവസവും നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയില്‍ നേരിയ പുരോഗതി ഇപ്പോള്‍ വിലയിരുത്തുന്നുണ്ട്. ഓഹരി സൂചികകള്‍ നേരിയ നേട്ടത്തിലാണ് ഇപ്പോഴുള്ളത്. ആരംഭത്തില്‍ സെന്‍സെക്‌സ് ഇന്ന് 100 പോയന്റിലേറെ താഴ്ന്നു. അന്താരാഷ്ട്ര സാഹചര്യവും വിദേശ നിക്ഷേപകര്‍ പിന്മാറുന്നതും വിപണിക്ക് തിരിച്ചടിയായി. മൂന്ന് ദിവസത്തിനിടെ വിപണിയിലെ നഷ്ടം 5 ലക്ഷം കോടിയിലേറെയാണെന്നാണ് റിപ്പോര്‍ട്ട്.

Top