ndian sites prone to cyber-attacks by Pak during key events

വാഷിംഗ്ടണ്‍: രാജ്യത്തെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഹാക്കര്‍മാരില്‍ നിന്ന് ആക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. സിഐഎയുടെ പിന്തുണയോടെ പ്രവര്‍ത്തിയ്ക്കുന്ന റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ എന്ന അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനം, ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങിയവയ്ക്കിടെ ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ തന്നെ സഹായങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ സംഘര്‍ഷം വളര്‍ത്തുന്നതില്‍ സൈബര്‍ ആക്രമണത്തിന്റെ പങ്ക് വളരെ വലുതാണ്. ഇരു രാജ്യങ്ങളിലേയും ഹാക്കര്‍മാര്‍ പരസ്പരം സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14ന് ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ സ്വതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് തിരിച്ചും സൈബര്‍ ആക്രമണം നടക്കാറുണ്ട്. ഇത്തവണയും ഈ പരിപാടി ആവര്‍ത്തിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യന്‍ സര്‍ക്കാര്‍, സ്വകാര്യ വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെയുള്ളവ ഹാക്ക് ചെയ്യുന്ന പരിപാടികളില്‍ 2007 മുതല്‍ തന്നെ പാകിസ്ഥാന്‍ സൈബര്‍ ആര്‍മി വ്യാപൃതരാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, റെയില്‍വെ, സിബിഐ, സെന്‍ട്രല്‍ ബാങ് ഒഫ് ഇന്ത്യ, കേരള ഗവണ്‍മെന്റ് വെബ്‌സൈറ്റ് തുടങ്ങിയവ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴി പിസിഎ വ്യക്തമാക്കാറുണ്ട്. ചില കേസുകളില്‍ ഹാക്കര്‍മാര്‍ സ്വയം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഫൈസല്‍ 1337 എന്നയാളായിരുന്നു കേരള സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. പാക് വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്ന ഇന്ത്യന്‍ ഹാക്കര്‍മാരെക്കുറിച്ചുള്ള വിവരങ്ങളും റെക്കോര്‍ഡഡ് ഫ്യൂച്ചറിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Top