ലക്ഷ്യം അനായാസം അടിച്ചെടുത്ത് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഏകദിന പരമ്പരയും

ഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേയും പോരാട്ടത്തിൽ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. അവസാന പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ വെറും 99 റൺസിൽ ഓൾ ഔട്ടാക്കിയ ഇന്ത്യ വിജയത്തിനാവശ്യമായ റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തു. 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 105 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ആദ്യ പോരിൽ തോൽവി വഴങ്ങിയ ഇന്ത്യ രണ്ടും മൂന്നും പോരാട്ടം ജയിച്ചാണ് പരമ്പര പിടിച്ചത്.

ഓപ്പണർ ശുഭ്മാൻ ഗില്ലാണ് ടീമിന്റെ ടോപ് സ്‌കോറർ. താരം 57 പന്തിൽ 49 റൺസെടുത്തു. കഴിഞ്ഞ കളിയിലെ സെഞ്ച്വറിക്കാരൻ ശ്രേയസ് അയ്യർ 23 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് റണ്ണുമായി സഞ്ജു സാംസണും പുറത്താകാതെ ക്രീസിൽ നിന്നു.

ശുഭ്മാൻ ഗില്ലിന് പുറമെ ക്യാപ്റ്റനും ഓപ്പണറുമായ ശിഖർ ധവാൻ (എട്ട്), ഇഷാൻ കിഷൻ (10) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ. ദക്ഷിണാഫ്രിക്കയായി ലുൻഗി എൻഗിഡി, ബ്യോൺ ഫോർച്യുൻ എന്നിവർ ഓരോ വിക്കറ്റെടുത്തു. ധവാൻ റണ്ണൗട്ടായി.

നേരത്തെ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക പൊരുതാൻ പോലും നിൽക്കാതെ കീഴടങ്ങി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 99 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ശിഖർ ധവാന്റെ തീരുമാനം ശരിയാണെന്ന് ബൗളർമാർ തെളിയിച്ചു. ബൗളിങ് ഓപ്പൺ ചെയ്തത് തന്നെ സ്പിന്നറായിരുന്നു. വാഷിങ്ടൻ സുന്ദറാണ് ഇന്ത്യക്കായി ബൗളിങ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ പത്തിൽ എട്ട് വിക്കറ്റുകളും പോക്കറ്റിലാക്കിയത് സ്പിന്നർമാർ.

4.1 ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ വട്ടം കറക്കി. വാഷിങ്ടൻ സുന്ദർ, ഷഹബാസ് അഹ്മദ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി സന്ദർശക ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.

34 റൺസെടുത്ത ഹെന്റിച് ക്ലാസനാണ് പിടിച്ചു നിന്ന ഏക ദക്ഷിണാഫ്രിക്കൻ ബാറ്റർ. ജന്നെമൻ മാലൻ (15), മാർക്കോ ജെൻസൻ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. മറ്റെല്ലാവരും പൊരുതാൻ പോലും നിൽക്കാതെ മടങ്ങി. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.

 

Top