ndhra assembly speaker says women are never raped if parked at home like cars

ഹൈദരാബാദ്: സ്ത്രീകളെ കാറുകളോട് ഉപമിച്ച് ആന്ധ്രാപ്രദേശ് സ്പീക്കര്‍ കോഡ്‌ല ശിവ പ്രസാദ് റാവു.
കാറുകള്‍ റോഡില്‍ ഇറക്കി ഓടിക്കുമ്പോള്‍ തട്ടലും മുട്ടലും അപകടവുമൊക്കെ ഉണ്ടാകുമെന്നും സ്ത്രീകള്‍ റോഡിലിറങ്ങിയാലും അത് തന്നെയാണ് സംഭവിക്കുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ കാലത്ത് സ്ത്രീകള്‍ വെറും വീട്ടമ്മമാര്‍ മാത്രമായിരുന്നു. അന്ന് എല്ലാ തരത്തിലുമുള്ള അക്രമങ്ങളില്‍ നിന്ന് അവര്‍ സുരക്ഷിതരായിരുന്നു. ഇന്ന് അവര്‍ പഠിക്കാന്‍ പോകുന്നു, ജോലി ചെയ്യുന്നു, ബിസിനസ് ചെയ്യുന്നു. ഇന്ന് സ്ത്രീകള്‍ സമൂഹവുമായി കൂടുതല്‍ ഇഴകിച്ചേര്‍ന്നിരിക്കുന്നു. അപ്പോള്‍ പീഡനത്തിനും തട്ടിക്കൊണ്ട് പോകലിനുമെല്ലാം അവര്‍ കൂടുതല്‍ ഇരയാക്കപ്പെടും.

കാറുകള്‍ റോട്ടിലിറക്കിയാല്‍ അപകടമൊക്കെ ഉണ്ടാകും. 50 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചാല്‍ ചെറിയ അപകടം ഉണ്ടായേക്കാം, വേഗത 100 കിലോമീറ്റര്‍ആയാല്‍ വലിയ അപകടമുണ്ടായേക്കാം. എന്നാല്‍ ഓടിക്കാതെ വീട്ടില്‍ പാര്‍ക്ക് ചെയ്തിട്ടാല്‍ ഒന്നും സംഭവിക്കില്ല. അതു പോലെ സ്ത്രീകള്‍ വീട്ടില്‍ നിന്നിറങ്ങിയില്ലെങ്കില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. എന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. സുരക്ഷിതരായിരിക്കണമെങ്കില്‍ വീട്ടില്‍തന്നെ ഇരിക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും സ്ത്രീകള്‍ പഠിക്കാനും ജോലി ചെയ്യാനും പോകുമ്പോള്‍ സുരക്ഷിതരായിരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് വിശദീകരണം.

സംസ്ഥാനത്ത് ദേശീയ വനിതാ പാര്‍ലമെന്റ് നടത്തുന്നത് സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്പീക്കര്‍ സ്ത്രീകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

Top