ആർ.എസ്.എസിന് ബദൽ എൻ.ഡി.എഫ്, അത് നിരോധിച്ചപ്പോൾ പി.എഫ്.ഐ !

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആദ്യ രൂപമായിരുന്നു എൻ ഡി എഫ്. നീതിയും സ്വാതന്ത്ര്യവും സുരക്ഷയും എല്ലാവര്‍ക്കും ലഭിക്കുന്ന സമത്വസമൂഹം സ്ഥാപിക്കുക എന്നതായിരുന്നു ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ യാഥാസ്ഥിതിക മതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനം പി.എഫ്.ഐയെ ലക്ഷ്യത്തിൽ നിന്നും അകറ്റി. പോപ്പുലർ ഫ്രണ്ട് പതിയെ എങ്കിലും കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുകയാണ് പിൽക്കാലത്ത് ഉണ്ടയാത്. തുടക്കത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ടിന് ഇന്ന് 19 ഇടത്ത് കമ്മിറ്റികളുണ്ട്.

1987 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വടകര,നാദാപുരം മേഖലകളില്‍ സംഘര്‍ഷം പതിവായി. ഒരുവശത്ത് സി.പി.എം പ്രവര്‍ത്തകരും മറുവശത്ത് മുസ്ലീം വിഭാഗത്തില്‍പെട്ട ചെറുപ്പക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. അതേസമയം പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്ന് ആരോപിച്ച് പ്രതിരോധമെന്ന നിലയില്‍ വടകര സ്വദേശിയായ ഒരാള്‍ മുസ്ലീംങ്ങളായ ചെറുപ്പക്കാരെ കൂട്ടി കളരി ഉള്‍പ്പടെയുള്ള അഭ്യാസമുറകള്‍ പരിശീലിപ്പിച്ചു. നിരോധിക്കപ്പെട്ട സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ അഥവാ സിമി നേതാക്കളോട് സഹായം അഭ്യര്‍ഥിച്ചതോടെ നേതൃത്വം പഴയ സിമി നേതാക്കള്‍ ഏറ്റെടുക്കുകയാണുണ്ടായത്.

ഇതിനുശേഷം വടകരയിലെ വില്യാപ്പിള്ളിയില്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന സംഘടന രൂപം കൊണ്ടു. അധികം വൈകാതെ സംഘടന മലബാറില്‍ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ 1993 ല്‍ കോഴിക്കോട് സമ്മേളനം വിളിച്ച് നാഷണല്‍ ഡെവലപ്പ്മെന്റ് ഫ്രണ്ട് എന്ന് പേരുമാറ്റി. ദേശീയ വികസന മുന്നണിയെന്നാണ് പേരെങ്കിലും കുറ്റ്യാടിപള്ളിയിലെ ബോംബ് സ്ഫോടനം ഉള്‍‌പ്പടെ ഒട്ടേറെ കേസുകളില്‍ എന്‍.ഡി.എഫിന്റ പ്രവര്‍ത്തകര്‍ പ്രതിക്കൂട്ടിലായി.

എന്‍.ഡി.എഫിന്റെ പില്‍ക്കാല രൂപമാണ് 2007 ല്‍ രൂപീകൃതമായ പോപ്പുലര്‍ ഫ്രണ്ട്. ഇപ്പോള്‍ അറസ്റ്റിലായ ഇ.അബൂബക്കര്‍, പ്രഫ. പി.കോയ, നസിറുദ്ദീന്‍ എളമരം എന്നിവരാണ് സ്ഥാപകനേതാക്കള്‍. സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം നീതിയും സ്വാതന്ത്ര്യവും സുരക്ഷയും എല്ലാവര്‍ക്കും ലഭിക്കുന്ന സമത്വസമൂഹം സ്ഥാപിക്കുക എന്നായിരുന്നു. 2009 ല്‍ എട്ട് സംസ്ഥാനങ്ങളിലെ സമാന സംഘടനകള്‍ കൂടി പി.എഫ്ഐയിലെത്തി. 2009 ല്‍ എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും ചെയ്തു.

ക്യാംപസ് സംഘടനയെന്ന നിലയില്‍ ക്യാംപസ് ഫ്രണ്ടും സ്ത്രീകളുടെ സംഘടനയായി വിമന്‍സ് ഫ്രണ്ടും നിലവില്‍ വന്നു. 2009 ലും 2010 ലും നടത്തിയ ഫ്രീഡം പരേഡ് സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്ന് നിരോധിച്ചിരുന്നു. നിരോധിക്കപ്പെട്ട സിമിയുടെ പുതിയ രൂപമായ പിഎഫ്ഐ യെ നിരോധിക്കണമെന്ന് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി.

മതതീവ്രവാദികളെന്ന് വിമര്‍ശനം ഉയരുമ്പോഴും, മതേതരത്വത്തില്‍ ഊന്നിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും വോട്ടുബാങ്കിന്റ കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ പരസ്യമായി തള്ളിപ്പറയാന്‍ കഴിയുന്നില്ല. കേരള സമൂഹത്തില്‍ അത്രയ്ക്ക് വേരാഴ്ത്താന്‍ പോപ്പുലര്‍ ഫ്രണ്ടിനായെന്നതും കാണാതിരുന്നു കൂടാ.

Top