ക്രിമിനൽ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ആക്സസ് ചെയ്യാം: ടിൻഡറിൽ പുതിയ സംവിധാനം അവതരിപ്പിച്ചു

രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഡേറ്റിങ്ങ് ആപ്പ് ആണ് ടിൻഡർ. ടിൻഡർ വഴിയുള്ള ഡേറ്റിങ് കൂടുതൽ സുരക്ഷിതമാക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ടിൻഡർ വഴി പരിചയപ്പെടുന്നവരുമായി ആദ്യ ഡേറ്റിങ്ങിന് പോകുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പരിശോധിക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.

സ്ട്രീംലൈൻ ചെയ്‌തതും ചെലവ് കുറഞ്ഞതുമായ ബാക്ക് ​ഗ്രൗണ്ട് പരിശോധനകൾ നടത്തുന്ന സ്റ്റാർട്ടപ്പാ ഗാർബോയുമായി ടിൻഡർ ബുധനാഴ്ച പുതിയ എ​ഗ്രിമെന്റ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് യൂസേഴ്സിനായി പുതിയ ഫീച്ചർ പുറത്തുകൊണ്ടുവന്നത്.

ടിൻഡർ ഉപയോക്താക്കൾക്ക് ടിൻഡർ ആപ്പ് വഴി തന്നെ ഗാർബോയുടെ സേവനം ആക്സസ് ചെയ്യാം. കൂടാതെ ടിൻഡർ ഓരോ ഉപയോക്താവിനും രണ്ട് സൗജന്യ ബാക്ക് ​ഗ്രൗണ്ട് പരിശോധനകൾ ഓഫർ ചെയ്യുന്നുണ്ട്. അതിന് ശേഷം, ഒരു സെർച്ചിന് 2.50 ഡോളർ നൽകേണ്ടി വരും.

കൂടാതെ പ്രോസസിങ് ഫീസും ഈടാക്കും. പണം നൽകിയുള്ള സേവനം ആണെങ്കിലും ഏറെ ഉപയോഗപ്രദമായ ഫീച്ചർ എന്നാണ് വിവരം.ഉപയോക്തൃ സുരക്ഷ കണക്കിലെടുത്താണ് ബാക്ക് ​ഗ്രൗണ്ട് പരിശോധനയ്ക്ക് അവസരം നൽകാനുള്ള തീരുമാനമെന്ന് ടിൻഡറിന്റെ മാതൃ കമ്പനിയായ മാച്ച് ഗ്രൂപ്പിന്റെ സുരക്ഷാ വിഭാഗത്തിന്റെ മേധാവി ട്രേസി ബ്രീഡൻ പറഞ്ഞു. ” സങ്കീർണ്ണമായ, ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിലേക്ക് ചുവട് വയ്ക്കാൻ ആരും ഒരിക്കലും ആഗ്രഹിക്കുന്നില്ല. സുരക്ഷ വളരെ ബുദ്ധിമുട്ടേറിയ വിഷയം കൂടിയാണ്. ” ട്രേസി ബ്രീഡൻ പറയുന്നു.

ഉപയോക്താക്കൾ ദോഷകരമായ സാഹചര്യത്തിലാണെങ്കിൽ പ്ലാറ്റ്ഫോം അവർക്ക് പല തരം റിസോർഴ്സുകളിലേക്ക് ആക്സസ് നൽകും. പശ്ചാത്തല പരിശോധനയിൽ നിന്ന് അവർക്ക് ലഭിക്കുന്ന വിവരങ്ങൾ എങ്ങനെ മനസിലാക്കണമെന്നും ഉപയോഗിക്കണമെന്നും യൂസേഴ്സിന് അവബോധം നൽകുകയും ചെയ്യും.

” അക്രമാസക്തമോ ഹാനികരമോ ആയ പെരുമാറ്റത്തിന്റെ ചരിത്രം ഭാവിയിലെ ദുരുപയോഗത്തിന്റെ സൂചകമാകാം, ഒരാളുടെ ക്രിമിനൽ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്നത് ആളുകൾക്ക് സ്വയം പരിരക്ഷിക്കുന്നതിന് കൂടുതൽ അറിവ് നൽകുന്നു,” ഗാർബോ സ്ഥാപകൻ കാത്റിൻ കോസ്മിഡെസ് പറഞ്ഞു.

ടിൻഡർ എല്ലാ സ്വകാര്യതാ നിയമങ്ങളും പാലിക്കുമെന്നും ഗാർബോയുമായി ഉപയോക്തൃ വിവരങ്ങൾ കൈമാറില്ലെന്നും ബ്രീഡൻ പറയുന്നു. കൂടാതെ, ടിൻഡർ ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ അവരുടെ വിവരങ്ങൾ എത്രത്തോളം പങ്കിടണമെന്ന് തീരുമാനിക്കാനും കഴിയും.

ഒരു ഉപയോക്താവ് ഗാർബോ സെർച്ച് നടത്തുകയും അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ ചരിത്രം കണ്ടെത്തുകയും ചെയ്താൽ, അവർക്ക് അത് ടിൻഡറിൽ റിപ്പോർട്ട് ചെയ്യാനും കഴിയുമെന്നും ട്രേസി ബ്രീഡൻ പറഞ്ഞു.

ഒരു വ്യക്തിയുടെ പേര് പോലെ ഏതാനും വിവരങ്ങൾ ഉപയോഗിച്ച് അയാളെക്കുറിച്ചുള്ള പൊതു രേഖകൾ കണ്ടെത്താൻ കഴിയുന്ന സേവനമാണ് ഗാർബോ. പരിശോധന നടത്തി ആ വ്യക്തിയുമായി ബന്ധപ്പെട്ട് കണ്ടെത്താൻ കഴിയുന്ന പൊതു രേഖകൾ ഗാർബോയിൽ പ്രദർശിപ്പിക്കും. ഇതിൽ അറസ്റ്റുകളുടെയും ശിക്ഷകളുടെയും രേഖകൾ ഉണ്ടായിരിക്കും. അത് പോലെ തന്നെ ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി റെക്കോർഡുകളും ഗാർബോ പ്രദർശിപ്പിക്കും.

Top