എന്‍ഡിഎക്ക് ഭരണത്തുടര്‍ച്ച; കേവല ഭൂരിപക്ഷം നിസാരമായി മറികടക്കുമെന്ന് സര്‍വ്വേ

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുമെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നാഷന്‍ സര്‍വ്വേ. എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അവകാശപ്പെട്ട 400 സീറ്റിലേക്കെത്താന്‍ എന്‍ഡിഎക്ക് സാധിക്കില്ല. എന്‍ഡിഎ 335 സീറ്റില്‍ വിജയിച്ച ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തുമെന്നാണ് സര്‍വ്വേ. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റ് ഭൂരിപക്ഷ നിസാരമായി മറികടക്കാനാകും.

18 സീറ്റുകളില്‍ എന്‍ഡിഎക്ക് നഷ്ടപ്പെടും. തിരഞ്ഞെടുപ്പ് നടക്കുന്ന 543 സീറ്റില്‍ ബിജെപി 304 സീറ്റില്‍ വിജയിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. ഇന്‍ഡ്യാ മുന്നണി 166 സീറ്റിലാണ് വിജയിക്കുക. ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റ കക്ഷിയായി കോണ്‍ഗ്രസ് 71 സീറ്റില്‍ വിജയിക്കും. ബാക്കിയുള്ള 168 സീറ്റുകള്‍ പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെയുള്ളവര്‍ നേടും.

കേരളത്തില്‍ എല്ലാ സീറ്റുകളിലും വിജയം ഇന്‍ഡ്യ മുന്നണി കക്ഷികള്‍ക്കെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ. ആകെയുള്ള 20 സീറ്റുകളിലും ഇന്‍ഡ്യ മുന്നണിയിലെ കക്ഷികളില്‍ ആരെങ്കിലും വിജയിക്കുമെന്നാണ് ഫലം. ബിജെപിക്ക് ഇത്തവണയും സംസ്ഥാനത്ത് ഒരു ലോക്സഭ സീറ്റില്‍ പോലും വിജയിക്കാനാവില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

ഇന്‍ഡ്യ മുന്നണിയിലെ കക്ഷികള്‍ക്കായി ആകെ 78% വോട്ട് ലഭിക്കും. കഴിഞ്ഞ തവണ അത് 83% ആയിരുന്നു. തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഠിനശ്രമം നടത്തുന്നുണ്ട് ബിജെപി. എന്നാല്‍ ആ ശ്രമങ്ങള്‍ ഇത്തവണയും വിജയത്തിലെത്തിക്കാന്‍ കഴിയില്ലെന്നാണ് സര്‍വേ ഫലം പറയുന്നത്.

Top