നരേന്ദ്രമോദി ഭരണ തുടർച്ച ഉറപ്പാക്കി ‘പണി’ തുടങ്ങി, അമ്പരന്ന് പ്രതിപക്ഷം !

ബി.ജെ.പി ഇതെന്ത് ഭാവിച്ചാണ് എന്ന സംശയത്തിലാണിപ്പോള്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. അടുത്ത ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കേണ്ട 100 ദിന കര്‍മ്മ പരിപാടിയിലേക്ക് കേന്ദ്രം കടന്നതാണ് പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്നത്.

ലോക്‌സഭ തെഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് 100 ദിന കര്‍മ്മപദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്.

ഏപ്രില്‍ 30നകം പദ്ധതി തയ്യാറാക്കി നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത് അനുസരിച്ചാണിത്. നടന്നത് തെഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

തൂക്ക് സഭയാണ് വരുന്നതെങ്കില്‍ പോലും എന്ത് വില കൊടുത്തും കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസമായാണ് ഈ നീക്കത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

ബി.ജെ.പി.യുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളനുസരിച്ച് ആദ്യ നൂറുദിവസത്തേക്കുള്ള കര്‍മപദ്ധതി തയ്യാറാക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വകുപ്പുതലവന്മാരോട് നിര്‍ദേശിച്ചിരുന്നത്. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള തീയതികളില്‍ ഇവ തയ്യാറാക്കി അവതരിപ്പിക്കാന്‍ ഓരോ അസിസ്റ്റന്റ് സെക്രട്ടറിമാരേയുമാണ് നിയോഗിച്ചിരുന്നത്.

ചില മന്ത്രാലയങ്ങളിലെ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ച് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. യോഗവിവരം ഇ-മെയിലിലൂടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നത്.

ഏപ്രില്‍ 11-ന് തുടങ്ങി മേയ് 19-നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്. മേയ് 23-നാണ് വോട്ടെണ്ണല്‍. ആര് അധികാരത്തിലേറുമെന്ന് അപ്പോഴേ വ്യക്തമാകൂ എന്നിരിക്കേയാണ് ഭരണത്തുടര്‍ച്ചയുണ്ടാകും എന്ന ഉറപ്പില്‍ ബി.ജെ.പി. കര്‍മപദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അധികാരത്തില്‍ തുടരുമെന്നും അതിനാലാണ് നിര്‍ദേശം നല്‍കിയതെന്നുമാണ് ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവിരം.

തെഞ്ഞെടുപ്പില്‍ ബി.ജെ.പി. വീണ്ടും അധികാരത്തിലേറുമെന്ന് മാര്‍ച്ചില്‍ നടന്ന സി വോട്ടര്‍ വേവ് 2 ഉള്‍പ്പെടെയുള്ളവയുടെ അഭിപ്രായ സര്‍വേകള്‍ പറഞ്ഞിരുന്നു. 42 ശതമാനത്തോളം വോട്ടുനേടി ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. മുന്നൂറോളം സീറ്റ് നേടുമെന്നാണ് സി വോട്ടറിന്റെ പ്രവചനം. അതേസമയം, ജനുവരിയില്‍ നടന്ന എ.ബി.പി. ന്യൂസ്- സി വോട്ടര്‍ സര്‍വേ ഫലത്തില്‍ തൂക്കുസഭയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ അടുത്തയിടെ ഒരു അമേരിക്കന്‍ പോര്‍ട്ടല്‍ പുറത്തുവിട്ട സര്‍വേയില്‍ യു.പി.എ, സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് പ്രവചിച്ചിരുന്നത്.

ചില കണക്ക് കൂട്ടലുകള്‍ പിഴച്ചാലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. പ്രമുഖ പ്രാദേശിക പാര്‍ട്ടികള്‍ പിന്തുണ നല്‍കുമെന്ന കണക്ക് കൂട്ടലുകള്‍ മുന്‍നിര്‍ത്തിയാണ് സകല നീക്കങ്ങളും.

ഏറ്റവും കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്യുന്ന യു.പിയില്‍ എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ്സ് ഭിന്നിപ്പിക്കുമെന്നാണ് ബിജെപി കരുതുന്നത്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ ശക്തമായ പ്രചരണ രംഗത്തിറങ്ങിയ കോണ്‍ഗ്രസ്സിന് പ്രതിപക്ഷത്തെ പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ നിഗമനത്തിലാണ് കാവിപ്പട.

ഹരിയാന, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളിലും പ്രതിപക്ഷ വോട്ടിലെ ഭിന്നിപ്പില്‍ ബി.ജെ.പിക്ക് പ്രതീക്ഷയുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ്സിന് സഖ്യമുണ്ടാക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ സി.ബി.ഐ അന്വേഷണത്തിന്റെ നിഴലിലായ ബി.എസ്.പി നേതാവ് മായാവതി കോണ്‍ഗ്രസ്സിനോട് ഇപ്പോള്‍ തന്നെ ഉടക്കി കഴിഞ്ഞതും ബി.ജെ.പിയെ സംബന്ധിച്ച് പുതിയ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥിയെ കൂറ് മാറ്റിയ നടപടിയാണ് മായാവതിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ മല്‍സരിക്കുന്ന ഗുണ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ത്ഥി ലോകന്ദ്രസിംഗ് രജ്പുതാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അംഗത്വമെടുത്ത ലോകേന്ദ്രസിംഗിനോടൊപ്പം നിരവധി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

230 അംഗ നിയമസഭയാണ് മദ്ധ്യപ്രദേശില്‍. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് 113 സീറ്റാണ് ലഭിച്ചത്. ബി.എസ്.പിയുടെ രണ്ട്, എസ്.പിയുടെ ഒന്ന്, നാല് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ഭരണം. ബിഎസ് പി പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നില പരുങ്ങലിലാകും. അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മായാവതിയെ വരുതിയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

തെലങ്കാനയിലെ ടി.ആര്‍.എസ്, ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികളുമായി നിലവില്‍ ബി.ജെ.പി ദേശീയ നേതൃത്വം ആശയ വിനിമയം നടത്തി കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തെഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിനു ശേഷം മാത്രം നിലപാട് പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഈ പാര്‍ട്ടികള്‍.

Express Kerala View

Top