യഥാര്‍ത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദം ആണെങ്കില്‍ എന്‍ഡിഎ പങ്കെടുക്കും; ലിജിന്‍ ലാല്‍

കോട്ടയം: പുതുപ്പള്ളിയില്‍ യഥാര്‍ത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദം ആണെങ്കില്‍ എന്‍ഡിഎ പങ്കെടുക്കും എന്ന് സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍. പുതുപ്പള്ളിയിലെ വികസനം പറഞ്ഞ് സംവാദം നടത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് യുഡിഎഫിനെ വെല്ലുവിളിച്ചിരുന്നു. കൂടാതെ ഉപതെരഞ്ഞെടുപ്പില്‍ മിത്ത് വിവാദം ചര്‍ച്ചയാക്കും എന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ടു നയമാണ് സിപിഐഎമ്മിന് എന്നും ലിജിന്‍ ലാല്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥി കൂടി വന്നതോടെ പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ചൂട് വര്‍ധിച്ചു. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണി സ്ഥാനാര്‍ഥികള്‍. രാവിലെ മൂവരും സ്വാതന്ത്ര്യ ദിന പരിപാടികളില്‍ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പര്യടനം ഇന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് നാല് പഞ്ചായത്ത്കളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കള്‍ വിവിധ പരിപാടികളില്‍ സംസാരിക്കും.

ജെയ്ക് സി തോമസ് ഇന്നും സ്വകാര്യ സന്ദര്‍ശനങ്ങളിലാണ്. മന്ത്രി വിഎന്‍ വാസവനൊപ്പം പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ് ജെയ്ക്. എല്‍ഡിഎഫിന്റെ ബൂത്ത് തല യോഗങ്ങളില്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. നാളെയാണ് ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ ഇന്നലെ മണ്ഡലത്തില്‍ ആദ്യ പര്യടനം നടത്തി. ഇന്ന് പുതുപ്പള്ളിയില്‍ നിന്ന് പര്യടനം പരിപാടികള്‍ ആരംഭിക്കും. കേന്ദ്ര മന്ത്രിമാര്‍ അടക്കം ലിജിന് വേണ്ടി പ്രചാരണത്തിനെത്തും.

Top