ചെങ്ങന്നൂരിൽ ഇടതുപക്ഷത്തിന് മുൻതൂക്കം, തുറന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ

vellappally-nateshan

ചെങ്ങന്നൂര്‍: എന്‍ഡി എയില്‍ ബിഡിജെഎസിന് പരിഗണന കിട്ടിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ചെങ്ങന്നൂരില്‍ ഇപ്പോള്‍ മുന്‍തൂക്കം എല്‍ഡിഎഫിനെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ രൂക്ഷമായി ആഞ്ഞടിച്ചാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെങ്ങന്നൂരില്‍ പറഞ്ഞത്.

ഘടകക്ഷികള്‍ക്ക് ഒന്നും നല്‍കാതെ ബിജെപി സ്ഥാനമാനങ്ങള്‍ എല്ലാം സ്വന്തമാക്കിയെന്നും ബിഡിജെഎസ് ഇപ്പോള്‍ പ്രയോഗിക്കുന്നത് സമ്മര്‍ദ്ദതന്ത്രം തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഘടകക്ഷികള്‍ക്ക് ഒന്നും നല്‍കാതെ 200 ഓളം സ്ഥാനമാനങ്ങളാണ് ബിജെപി ഒറ്റയ്ക്ക് സ്വന്തമാക്കിയത്. ബിജെപി വിചാരിച്ച കാര്യങ്ങളെല്ലാം നിമിഷനേരം കൊണ്ട് നടത്തി. ഗത്യന്തരമില്ലാതെയാണ് ബിഡിജെഎസ് സമ്മര്‍ദ്ദതന്ത്രത്തിലേക്ക് പോയിരിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനവും ശ്രമം നടത്തിയില്ല.

ബിഡിജെഎസ് പിന്തുണ നല്‍കിയില്ലെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ കിട്ടില്ല. തെരഞ്ഞെടുപ്പിന്റെ ചിത്രം പൂര്‍ണമായി വ്യക്തമായാല്‍ എസ്എന്‍ഡിപി കൃത്യമായ നിലപാട് പ്രഖ്യാപിക്കും. ശ്രീധരന്‍ പിള്ള എന്നെ കാണാന്‍ വന്നിരുന്നു. എന്റെ അഭിപ്രായങ്ങളോട് അദ്ദേഹം വ്യക്തിപരമായ യോജിപ്പ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് എഴുതി നല്‍കിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. പ്രശ്‌നം ഇനി പരിഹരിച്ചാലും പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന വിടവ് നികത്താനാകുമോ എന്ന് സംശയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top