എൻഡിഎ സീറ്റ് വിഭജന ചർച്ച ഈ ആഴ്ച്ച

തിരുവനന്തപുരം : എൻഡിഎ മുന്നണി സീറ്റ് വിഭജന ചർച്ച ഈ ആഴ്ച്ച ആരംഭിച്ചേക്കും. 140 നിയോജക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ 40 മണ്ഡലങ്ങളിലാവും ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഘടകകക്ഷികളായ ബിഡിജെഎസ് 32 സീറ്റുകളും, കേരള കാമരാജ് കോൺഗ്രസ് 6 സീറ്റും ആവശ്യപ്പെടും.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ കേരളത്തിലെത്തുന്ന മുറയ്ക്ക് തന്നെ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിവെക്കാനാണ് എൻഡിഎ ക്യാമ്പിൻ്റെ ആലോചന. 140 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികളുണ്ടാകുമെന്ന് നേതൃത്വം അവകാശപ്പെടുന്നു. എന്നാൽ ഏറെ സ്വാധീനമുള്ള, വോട്ട് ശതമാനമുള്ള  40 മണ്ഡലങ്ങൾ കണ്ടെത്തി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദേശം. അതിനുള്ള പ്രവർത്തനങ്ങൾ ബിജെപി ആരംഭിച്ചു.

തിരുവന്തപുരത്താണ് സംസ്ഥാന നേതാക്കളിലധികവും രംഗത്തിറങ്ങുന്നത്.മുന്നണിയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ് കഴിഞ്ഞ തവണ ചോദിച്ച 32 സീറ്റുകൾ തന്നെ ഇത്തവണയും ചോദിക്കാനാണ് ആലോചന. തിരുവനന്തപുരം ജില്ലയിൽ കോവളം, വാമനപുരം, വർക്കല സീറ്റുകളാവും ബിഡിജെഎസ് ചോദിക്കുക. പാർട്ടിയുടെ സംസ്ഥാന കൗൺസിൽ ഈ ആഴ്ച്ച ചേർന്ന് സീറ്റുകൾ ഏതൊക്കെയെന്ന് തീരുമാനിക്കും

Top