രാഷ്ട്രപതി ;എന്‍.ഡി.എക്കെതിരെ പ്രതിപക്ഷം, മത്സരം ഉറപ്പായി

ന്യൂഡല്‍ഡി: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. എന്‍.ഡി.എ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

കാണ്‍പൂരില്‍നിന്നുള്ള ദലിത് നേതാവായ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടിയുമായി അടുത്ത രാഷ്ട്രീയ ബന്ധമുള്ള ആളെ മാത്രമേ ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കൂ എന്നാണെങ്കില്‍ എം.എസ് സ്വാമിനാഥന്റെയും മെട്രോമാന്‍ ഇ. ശ്രീധരന്റെയും പേരുകള്‍ പരിഗണിക്കപ്പെട്ടേക്കില്ല എന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ബിജെപിയുമായും ആര്‍എസ്എസുമായും അടുപ്പമുള്ള വ്യക്തിയാണ് രാംനാഥ് കോവിന്ദ് എന്നിരിക്കെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍.

ബിജെപി ദലിത് മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റും ഓള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമാണ് രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശില്‍നിന്ന് 1994ലും 2006ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സുപ്രീം കോടതി അഭിഭാഷകനായി കഴിവു തെളിയിച്ച കോവിന്ദ് ബിജെപി ദേശീയ വക്താവുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയുമായും മന്‍മോഹന്‍ സിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാമെന്നും പറഞ്ഞിട്ടുള്ളതായി അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ ഉപരാഷ്ട്രപതി ആരെന്ന കാര്യത്തില്‍ ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ല.

എം.എസ്. സ്വാമിനാഥനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി തള്ളിയിരുന്നു. സ്വാമിനാഥന്റെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരുന്നത്.

പാര്‍ട്ടി എംപിമാരോടും എംഎല്‍എമാരോടും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടികള്‍ക്കായി ഡല്‍ഹിയിലെത്താന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

Top