എന്‍ഡിഎയിലേക്ക് വന്നാല്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാമെന്ന് മന്ത്രി രാംദാസ് അത്താവലെ

ramdas-athewale

ഹൈദരാബാദ്: എന്‍ഡിഎ യുമായി സഖ്യത്തിന് തയാറെങ്കില്‍ വരുന്ന ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാക്കാമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ.
ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി ആവശ്യം എന്‍ഡിഎ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ആവശ്യമെങ്കില്‍ പുതിയ സഖ്യം രൂപീകരിക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി കൂടിക്കാഴ്ചക്ക് തയാറാണെന്നും അത്താവലെ പറഞ്ഞു.

എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാന്‍ ജഗന്‍മോഹന്‍ റെഡ്ഡി ചര്‍ച്ചകള്‍ നടത്തുന്നു എന്ന വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അത്താവലെയുടെ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. ബിജെപിക്കും, തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമൊപ്പം തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപിയും തന്റെ പാര്‍ട്ടിയും സഹായിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ‘ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ടത് തെറ്റായിപ്പോയി. അദ്ദേഹം എന്‍ഡിഎയില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ നായിഡുവിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി പരിഗണിക്കുമായിരുന്നു. എന്‍ഡിഎക്ക് പിന്തുണ നല്‍കുന്നതിനെപ്പറ്റി നായിഡുവിന് പുനര്‍ചിന്ത നടത്താമെന്നും അദ്ദേഹം പറഞ്ഞു.

Top