പത്തനംതിട്ടയിൽ എൻ.ഡി.എ. തന്നെ പരിഗണിക്കുന്നുണ്ട്; ബി.ജെ.പി. കേന്ദ്രനേതൃത്വം അറിയിച്ചതായി പി.സി.ജോർജ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം അറിയിച്ചതായി പി.സി.ജോര്‍ജ് പറഞ്ഞു. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുല്ലാട് ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്‌സ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം സംസാരിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ താന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്കുപോകും. ഐസക്ക് പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ നാട്ടുകാര്‍ പെരുമാറും. പത്തനംതിട്ടയുടെ സിറ്റിങ് എം.പി.യായ ആന്റോ ആന്റണി സഹകരണത്തട്ടിപ്പിന്റെ ആശാനാണ്.വെള്ളാപ്പള്ളി നടേശനെയും പി.സി.ജോര്‍ജ് പരിഹസിച്ചു. വെള്ളാപ്പള്ളിക്ക് തന്നോട് സ്‌നേഹമാണ്. തന്നെ ജയിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം തോല്‍ക്കുമെന്ന് പറഞ്ഞവര്‍ ജയിക്കുകയും ജയിക്കുമെന്ന് പറഞ്ഞവര്‍ തോല്‍ക്കുകയുമാണ് ചെയ്യുന്നതെന്നും പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു.

തട്ടിപ്പിന്റെ കാര്യത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഇവിടെ ഇരുമുന്നണികളും ഇപ്പോള്‍ വന്‍ഭൂരിപക്ഷത്തില്‍ നില്‍ക്കുകയാണ്. പത്തനംതിട്ടയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന മുന്‍ധനമന്ത്രി ടി.എം.തോമസ് ഐസക്കിനെയും പി.സി.ജോര്‍ജ് വിമര്‍ശിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ഐസക്കാണ്. നാലരലക്ഷം കോടി രൂപയുടെ കടമുണ്ടാക്കി. തോമസ് ഐസക്ക് കൊണ്ടുവന്ന കിഫ്ബിയുടെ പേരില്‍ നടക്കുന്നത് വന്‍കൊള്ളയാണ്. ഒന്നും ഒളിക്കാനില്ലെങ്കില്‍ ഇ.ഡി.യുടെ മുന്‍പില്‍ അദ്ദേഹം ഒളിച്ചുകളിക്കുന്നതെന്തിനാണ്. ആലപ്പുഴക്കാരന്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ വരുന്നത് എന്തിനാണെന്നും പി.സി. ജോര്‍ജ് ചോദിച്ചു.

Top