എൻ‍ഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനെ തടഞ്ഞ് പൊലീസ് ;വേണമെങ്കിൽ കേസെടുത്തോ എന്ന് സ്ഥാനാർഥി

കൊച്ചി: പോളിങ് ബൂത്ത് പരിസരത്തെത്തിയ എൻ‍ഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനെ പൊലീസ് തടഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കവെയാണ് പൊലീസ് നടപടി. അത് വിജയനോടു പോയി പറഞ്ഞാൽ മതിയെന്ന് രാധാകൃഷ്ണൻ പറഞ്ഞെങ്കിലും പൊലീസ് പിൻവാങ്ങാൻ തയാറായില്ല. ഇതോടെ പൊലീസും സ്ഥാനാർഥിയും തമ്മിൽ തർക്കത്തിലായി. ലയോള എൽപി സ്കൂൾ വളപ്പിൽ വച്ചായിരുന്നു സംഭവം.

സ്കൂളിനു പുറത്തു വേണം മാധ്യമങ്ങളെ കാണാൻ എന്നു പൊലീസ് അറിയിച്ചതോടെ വേണമെങ്കിൽ കേസെടുത്തോ എന്നായി എഎൻആർ. മറ്റു സ്ഥാനാർഥികൾ വോട്ടു ചെയ്യുന്നത് ഉൾപ്പെടെ മാധ്യമങ്ങൾ ക്യാമറയിൽ പകർത്തിയപ്പോൾ എതിർക്കാതിരുന്ന പൊലീസ് എൻഡിഎ സ്ഥാനാർഥിയായ തന്നെ തടഞ്ഞതെന്തിനാണ് എന്ന് ചോദിച്ചുകൊണ്ടായിരുന്നു തർക്കം.

തൃക്കാക്കര മണ്ഡലത്തിൽ വോട്ടില്ലാത്ത സ്ഥാനാർഥിയാണ് എ.എൻ. രാധാകൃഷ്ണൻ. ബൂത്തിന് 200 മീറ്ററെങ്കിലും മാറിയേ മാധ്യമങ്ങളെയും ക്യാമറയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് നിലപാട്. രാവിലെ തന്നെ മറ്റു സ്ഥാനാർഥികൾ വോട്ടു ചെയ്യാൻ പോളിങ് ബൂത്തുകളിലെത്തിയിരുന്നു. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെത്തി പ്രാർഥിച്ച ശേഷം വൈകിയാണ് എൻഡിഎ സ്ഥാനാർഥി ബൂത്ത് സന്ദർശനത്തിന് എത്തിയത്.

Top