ഭാരതം എന്നാക്കാമെന്ന എന്‍.സി.ആര്‍.ടിയുടെ തീരുമാനം ഭരണഘടന ലംഘനം; എന്‍ കെ പ്രേമചന്ദ്രന്‍ എംപി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ത്യ മുന്നണിയുടെ യോജിച്ചുള്ള തെരഞ്ഞെടുപ്പ് അസാധ്യമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. പശ്ചിമ ബംഗാളിലും സമാനമായ സ്ഥിതിയാണ്. ഇന്ത്യയ്ക്ക് പകരം ഭാരതം എന്നാക്കാമെന്ന എന്‍.സി.ആര്‍.ടിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും തീരുമാനം ഭരണഘടന ലംഘനം തന്നെയാണ്. പുതിയ തീരുമാനം വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ ഭാഗമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നും എന്‍കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.

പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതമെന്ന് ആക്കാനുള്ള എന്‍.സി.ഇ.ആര്‍.ടി ശുപാര്‍ശയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് മതിയെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ എന്നത് ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമാണ്.

ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാര്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉള്‍പ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദ്ദേശങ്ങളെ കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top