സര്‍ക്കാര്‍ രൂപീകരണം; സേനയ്ക്കുള്ള പിന്‍തുണയില്‍ തീരുമാനമാവാതെ കോണ്‍ഗ്രസും എന്‍സിപിയും

മുംബൈ : മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ എന്‍സിപി-കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എന്‍സിപി നേതാവ് ശരത് പവാറുമായുള്ള കൂടിക്കാഴ്‍ചയിലാണ് തീരുമാനം. സോണിയ-പവാര്‍ കൂടിക്കാഴ്ചയിലും ശിവസേനക്ക് പിന്തുണ നല്‍കുന്നതില്‍ തീരുമാനം ആയില്ല.

സോണിയാ ഗാന്ധിയെ രാഷ്ട്രീയ സാഹചര്യം ധരിപ്പിച്ചുവെന്നും മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി കൂടിക്കാഴ്‍ച നടത്തിയതിന് പിന്നാലെ തീരുമാനം ഉണ്ടാകുമെന്നും ശരത് പവാര്‍ പറഞ്ഞു. ശിവസേനയുമായി നടന്നത് സാധാരണ കൂടിക്കാഴ്‍ചകള്‍ മാത്രമെന്നും ശരത് പവാര്‍ വ്യക്തമാക്കി.

ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്നും പവാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എ കെ ആന്‍റണിയും കൂടിക്കാഴ്‍ചയില്‍ പങ്കെടുത്തിരുന്നു. രണ്ട് ദിവസത്തിനകം എന്‍സിപി,കോണ്ഗ്രസ് നേതാക്കളുടെ യോഗം വീണ്ടും ചേരും.

അതേസമയം ബിജെപി- ശിവസേന സഖ്യത്തിന് പുതിയ ഫോർമുലയുമായി കേന്ദ്രമന്ത്രി രാംദാസ് അത്തെവാലെ രംഗത്തെത്തി. ശിവസേന നേതാവ് സഞ്ജയ്‌ റാവത്തുമായി കൂടിക്കാഴ്ച നടത്തിയ അത്താവാലെ മൂന്ന് വർഷം ബിജെപിക്കും 2 വർഷം ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം വീതിച്ചു നൽകുന്ന നിർദേശം മുന്നോട്ട് വെച്ചു. ബിജെപി ക്ക് സമ്മതമാണെങ്കിൽ ഇക്കാര്യം ആലോചിക്കുമെന്ന് സഞ്ജയ്‌ റാവത്ത് മറുപടി നൽകിയതായി രാം ദാസ് അത്തെവാല പറഞ്ഞു.

Top