മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് എന്‍സിപി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് എന്‍സിപി വക്താവ് നവാബ് മാലിക്. വിശ്വാസവോട്ടെടുപ്പില്‍ ബിജെപിക്ക് എതിരെ എന്‍സിപി എംഎല്‍എമാര്‍ വോട്ട് ചെയ്യും. ബിജെപി പരാജയപ്പെട്ടാല്‍ സംസ്ഥാനത്തിന്റെ താത്പര്യം കണക്കിലെടുത്ത് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും നവാബ് പറഞ്ഞു.

ബിജെപിക്ക് ഭൂരിപക്ഷമുണ്ടോ ഇല്ലയോ എന്ന് ഗവര്‍ണര്‍ ഉറപ്പ് വരുത്തണം, അല്ലാത്തപക്ഷം കുതിരക്കച്ചവടമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ശിവസേന എതിര്‍ത്ത് വോട്ട് ചെയ്യുമോയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ബദല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്. നവംബര്‍ 12ന് എന്‍സിപിയുടെ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടി ശരദ് പവാറും ആ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു എന്‍സിപി നേതാവ്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.

Top