കേരള കോണ്‍ഗ്രസ്സ് (ബി) – എന്‍സിപി ലയന നീക്കം അട്ടിമറിക്കാന്‍ അണിയറ നീക്കം

പത്തനംതിട്ട: കേരള കോണ്‍ഗ്രസ്സ് ബിയുമായുള്ള ലയന നീക്കം അട്ടിമറിക്കാന്‍ എന്‍സിപിയില്‍ ഒരു വിഭാഗം നീക്കമാരംഭിച്ചു. ശബരിമല വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ എടുക്കുന്ന പിള്ളയുമായി ലയിച്ചാന്‍ ഇടതുമുന്നണിയിലെ സ്ഥാനം ഇല്ലാതാകുമെന്നാണ് ആശങ്ക.

പിള്ളയുമായുള്ള ലയന നീക്കം, കോണ്‍ഗ്രസ്സുമായി സഹകരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം തുടങ്ങിയവയില്‍ എന്‍സിപി സംസ്ഥാന ഘടകത്തെ നിലവില്‍ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. ലയന നീക്കം നടന്നാല്‍ ഇടതുമുന്നണിയിലെ പ്രാധാന്യം നഷ്ടപ്പെടുമെന്ന ആശങ്ക ഒരു വിഭാഗം ഉയര്‍ത്തികഴിഞ്ഞു. ഇതോടെ ലയന വിരുദ്ധര്‍ അട്ടിമറി നീക്കങ്ങള്‍ സംഘടയ്ക്കുള്ളില്‍ നിന്ന് തന്നെ തുടങ്ങിക്കഴിഞ്ഞു എന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.

വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെ ചില സിപിഎം നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് ഇപ്പോള്‍ പിള്ള- എന്‍സിപി ലയന ചര്‍ച്ച നടക്കുന്നത്. എന്നാല്‍, ശബരിമല വിഷയത്തില്‍ ബാലകൃഷ്ണ പിള്ള അവസാനം എന്‍എസ്എസിനൊപ്പം ചേര്‍ന്നതും ലയന നീക്കത്തിന് തടസ്സമായി മാറിയിട്ടുണ്ട്. എന്‍സിപി ജനറല്‍ ബോഡിയില്‍ വിഷയത്തിന്മേല്‍ ചര്‍ച്ച നടന്നെങ്കിലും പൂര്‍ത്തിയാകാതെ എന്‍സിപി നേതൃത്വം പിരിഞ്ഞു. പിന്‍വാതിലിലൂടെ പിള്ളയെ എന്‍സിപിയിലേക്ക് കൊണ്ടു വരണമോയെന്നാണ്‌ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയോട്‌ പ്രധിനിധികള്‍ ചോദ്യം ഉയര്‍ത്തിയത്. ഇതോടെ യോഗം തിരക്കിട്ട് അവസാനിപ്പിക്കുകയായിരുന്നു.

ഇടമലയാര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിന് സിപിഐയും എതിര്‍ക്കുമെന്നാണ് സൂചന. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാനുള്ള നീക്കം എന്‍സിപിയിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ തോമസ് ചാണ്ടി വിഭാഗവും ശശീന്ദ്രന്‍ വിഭാഗം എന്‍സിപിയില്‍ തുടരും. അതിനാലാണ് ഒരു വിഭാഗം പിള്ളയുമായുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുന്നത്. മുന്‍പ് സ്‌കറിയാ തോമസ് വിഭാഗവുമായി ലയന ചര്‍ച്ചയ്ക്കിടയില്‍ തെറ്റിപ്പിരിഞ്ഞതും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്‍സിപി പിളര്‍ന്നാല്‍ എല്‍ഡിഎഫ് അംഗീകരിക്കുന്ന വിഭാഗത്തില്‍ തുടരാനാണ് എതിര്‍ക്കുന്നവരുടെ തീരുമാനം.

പിളള എന്‍സിപിയില്‍ എത്തിയാല്‍ അധ്യക്ഷ പദവി തന്നെ ചോദിച്ചു വാങ്ങിയേക്കാം. നാലു ജില്ലകളിലെ പ്രസിഡന്റ് സ്ഥാനത്തിനും പിള്ള അവകാശ വാദം ഉന്നയിക്കും. ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനും ശ്രമിക്കുമെന്നാണ് വിലയിരുത്തല്‍

Top