NCP wants to remove transport commissioner Tomin Thachankary

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ എന്‍സിപി നേതൃതീരുമാനം.

ഇപ്പോഴത്തെ ലഡു വിവാദം മുന്‍നിര്‍ത്തി തച്ചങ്കരിയെ സ്ഥലം മാറ്റിക്കാനാണ് ശ്രമം നടക്കുന്നത്.

അടുത്തയിടെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ തച്ചങ്കരി നടത്തിയ പരിഷ്‌ക്കാരം എന്‍സിപിക്കാരനായ വകുപ്പ് മന്ത്രിക്കും നേതാക്കള്‍ക്കും ദഹിച്ചിരുന്നില്ല.

എംവിഐ സ്ഥലം മാറ്റത്തിലുള്‍പ്പെടെ അഴിമതിക്ക് ഇടനല്‍കാതെ ഉദ്യോഗസ്ഥരില്‍ നിന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് സുതാര്യമായി നടത്തിയ നിയമനങ്ങള്‍ ഒരു വിഭാഗം എന്‍സിപി നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു.

സാധാരണ ‘ പൊന്‍മുട്ടയിടുന്ന താറാവായാണ്’ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ സ്ഥലം മാറ്റങ്ങളെ മുന്‍ഗാമികള്‍ ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ തച്ചങ്കരി ഇക്കാര്യത്തില്‍ പിടിമുറുക്കിയത് സ്ഥലമാറ്റ കാര്യത്തില്‍ ഇടപെട്ടിരുന്ന മന്ത്രി ഓഫീസിന് മാത്രമല്ല ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആസ്ഥാനത്തെ ‘വെള്ളാനകള്‍ക്ക്’ വരെ തിരിച്ചടിയായിരുന്നു.

ഒരവസരത്തിനായി കാത്തിരുന്ന ഇവരില്‍ ചിലര്‍ തന്നെയാണ് പിറന്നാളിനോടനുബന്ധിച്ച് ലഡു വിതരണം നടത്തുന്നതിനായി തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയെന്ന കാര്യം വകുപ്പ്മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതത്രെ.

ഇതേതുടര്‍ന്ന് ഡല്‍ഹിയിലായിരുന്ന മന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജന്മദിനം ഓഫീസുകളില്‍ ആഘോഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നാണ് ചീഫ് സെക്രട്ടറി പ്രധാനമായും പരിശോധിക്കുന്നത്.

അതേസമയം, തച്ചങ്കരി ചട്ടലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും മാറ്റുമെന്ന് ഗതാഗതമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാര്‍ പണം പിറന്നാള്‍ ആഘോഷത്തിന് ഉപയോഗിച്ചിട്ടില്ലെന്നും പണം സ്വന്തം നിലക്ക് തച്ചങ്കരി തന്നെ മുടക്കിയതാണെന്നും ഇതിനകം തന്നെ ചീഫ് സെക്രട്ടറിക്കും ബോധ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ പിറന്നാള്‍ എങ്ങിനെ ആഘോഷിക്കണമെന്നതിനെക്കുറിച്ച് നിലവില്‍ നിയമങ്ങളോ ചട്ടങ്ങളോ ഇല്ല. അതിനാല്‍ തന്നെ തച്ചങ്കരിക്കെതിരെ നടപടി സ്വീകരിക്കാനും സര്‍ക്കാരിന് പരിമിതിയുണ്ട്.

ആര്‍ടിഒ ഓഫീസുകളിലേക്ക് തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെങ്കില്‍ അതില്‍ അനൗചിത്യമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ അയച്ചുവെന്ന് ഏതെങ്കിലും ആര്‍ടിഒയോ അതല്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥരോ മൊഴി നല്‍കുകയോ, സര്‍ക്കുലറിന്റെ കോപ്പി നല്‍കുകയോ ചെയ്താല്‍ മാത്രമേ ശാസനയുള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കാന്‍ പറ്റുകയുള്ളു.

ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക എന്നതിനാല്‍ തച്ചങ്കരിയെ തെറിപ്പിക്കല്‍ വകുപ്പ് മന്ത്രിക്കും എന്‍സിപിക്കും എളുപ്പമുള്ള കാര്യവുമല്ല.

കൈരളി ചാനലിന്റെ ആരംഭം മുതല്‍ അതിനോട് സഹകരിച്ചും കണ്ണൂര്‍ റേഞ്ച് ഡിഐജിയായിരിക്കെ തന്നെ സിപിഎം ഉന്നത നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തി പോരുകയും ചെയ്ത തച്ചങ്കരിയെ കൈവിടുക സിപിഎമ്മിനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്.

മാത്രമല്ല തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ നടത്തുന്ന പരിഷ്‌ക്കാരങ്ങള്‍ അഴിമതിക്കെതിരായതിനാല്‍ അദ്ദേഹത്തെ മാറ്റിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഭരണപക്ഷത്തെ തന്നെ അഭിപ്രായം.

സിപിഎമ്മിന്റെ ഔദാര്യത്തില്‍ മാത്രം മന്ത്രിപദം ലഭിച്ച ശശീന്ദ്രനും എന്‍സിപിക്കും ഇക്കാര്യത്തില്‍ ഏറെ വാശിപിടിക്കാനും പറ്റില്ല.

ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോളില്ലെന്ന് നേരത്തെ ഉത്തരവിറക്കിയ തച്ചങ്കരിയുടെ നിലപാടിനെതിരെ വകുപ്പ് മന്ത്രി തന്നെ പരസ്യമായി രംഗത്ത് വന്നത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും സിപിഎം നേതൃത്വമോ മുഖ്യമന്ത്രിയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.

ഇതിനിടെ തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി എറണാകുളം ജില്ലാ കമ്മറ്റി തന്നെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

അടുത്ത ദിവസം തന്നെ എന്‍സിപി സംസ്ഥാന നേതൃത്വം ഇടതുമുന്നണി കണ്‍വീനറോടും മുഖ്യമന്ത്രിയോടും ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് സൂചന.

Top