എന്‍.സി.പി. മന്ത്രിയെ പതിനെട്ടിന് തീരുമാനിക്കണം; നേതാക്കള്‍ രണ്ടുതട്ടില്‍

peethambaran

കൊച്ചി: എന്‍.സി.പി. മന്ത്രിയെ പതിനെട്ടിന് തീരുമാനിക്കണം എന്നാല്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. സി.പി.എമ്മുമായി തിങ്കളാഴ്ച നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ മന്ത്രി ആരാവണമെന്ന് മേയ് 18ന് അറിയിക്കണമെന്ന് എന്‍.സി.പി.യോട് നിര്‍ദേശിച്ചിരിക്കുകയാണ്. എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസിനും വേണ്ടി നേതാക്കള്‍ രണ്ടുതട്ടില്‍ക്കുകയാണ്. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ച്ചേരുന്ന ഭാരവാഹിയോഗത്തില്‍ മന്ത്രിയെ പ്രഖ്യാപിക്കും.

മന്ത്രി എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്ന ജനറല്‍ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റിനും എതിരേ നടപടിയെടുക്കാന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ തയ്യാറെടുക്കുന്നതാണ് പുതിയ നീക്കം. സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവിക്കും എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസിനുമാണ് പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. മാണി സി. കാപ്പന്‍ രാഷ്ട്രീയമായി പരാജയപ്പെട്ടുവെന്ന എ.കെ. ശശീന്ദ്രന്റെ പ്രസ്താവനയ്ക്കു പിന്നാലെ കാപ്പനെ പിന്തുണച്ച് പീതാംബരന്‍ മാസ്റ്ററിന്റെ പ്രസ്താവനയും വന്നു.

എന്‍.സി.പി.യിലെ ശശീന്ദ്രന്‍ അനുകൂലികള്‍ ഇതിനെ എതിര്‍ത്ത് രംഗത്തിറങ്ങിയതോടെ നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തി. പ്രസിഡന്റിന്റെ നിലപാട് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജന്‍ വിശദീകരിച്ചിട്ടുണ്ട്.

 

Top