പന്ത് കിട്ടിയിട്ടും ഗോളടിക്കുമെന്ന് ഉറപ്പില്ലാതെ എന്‍സിപി; ശിവസേന പാസ് നല്‍കുമോ?

ഗോളടിച്ച് കയറിയാലാണ് മത്സരങ്ങള്‍ വിജയിക്കുക. പക്ഷെ കൃത്യമായി പാസ് നല്‍കാന്‍ കഴിയുന്ന താരങ്ങള്‍ ഇല്ലെങ്കില്‍ ഗോളടി അസാധ്യം. ഏതാണ്ട് ആ അവസ്ഥയിലാണ് എന്‍സിപി. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്‍മാറി ബിജെപി പന്ത് പഴയ സഖ്യകക്ഷിയായ ശിവസേന പാസ് കൊടുക്കുമ്പോള്‍ അതുവരെ ആരും സ്വപ്നത്തില്‍ പോലും കരുതാത്ത അവസ്ഥകളിലേക്കാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെന്നുപെട്ടത്. ശിവസേനയെ പിന്തുണച്ച് കുഴിയില്‍ ചാടണോ, വേണ്ടയോ എന്നാലോചിച്ച് സമയം പോയതോടെ പന്ത് എന്‍സിപി മേധാവി ശരത് പവാറിന് മുന്നിലാണ്.

ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായി തള്ളിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ വ്യക്തമാക്കുന്നത്. ശിവസേനയെ പിന്തുണയില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമാണ്. ചെറുകിട പാര്‍ട്ടികളെ പിന്തുണച്ച് വളര്‍ത്തി തളര്‍ന്ന ചരിത്രമാണ് കോണ്‍ഗ്രസിന് മിക്ക സംസ്ഥാനങ്ങളിലുമുള്ളത്. മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം സര്‍ക്കാരുണ്ടാക്കി ഇനിയും താഴണോ എന്നാണ് ചില നേതാക്കളുടെ ചോദ്യം.

എന്നാല്‍ അവിനാശ് പാണ്ഡെയെ പോലുള്ളവര്‍ ഈ ചോദ്യത്തെ അംഗീകരിക്കുന്നില്ല. ഈ സുപ്രധാന തീരുമാനത്തിലേക്ക് കൂടുതല്‍ ചര്‍ച്ചകളും, നിബന്ധനകളും രൂപീകരിക്കണം, സര്‍ക്കാര്‍ പ്രതിപക്ഷ സഖ്യത്തോടൊപ്പം രൂപീകരിക്കാന്‍ കഴിയും, പാണ്ഡെ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച സേനാ നേതാവ് ആദിത്യ താക്കറെ ഗവര്‍ണര്‍ക്ക് ഒരു കത്ത് കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ അംഗങ്ങളില്‍ നിന്ന് ലഭിക്കുമെന്ന് അറിയിച്ച കത്തിന് ശേഷം അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്ന ഒപ്പുവെച്ച കത്ത് ഹാജരാക്കാന്‍ സേനയ്ക്ക് കഴിയാതെ വന്നതോടെയാണ് പന്ത് എന്‍സിപിക്ക് പാസ് ചെയ്തത്.

ചൊവ്വാഴ്ച പിന്തുണ തേടാനുള്ള സമയം എന്‍സിപിക്ക് ഗവര്‍ണര്‍ അനുവദിച്ചിട്ടുണ്ട്. പക്ഷെ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്ന് പാര്‍ട്ടി വക്താവ് നവാബ് മാലിക് പറഞ്ഞു. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. ‘ശിവസേന ഞങ്ങളെ പിന്തുണയ്ക്കുമോയെന്ന് ഉറപ്പിക്കാന്‍ കഴിയില്ല’, മാലിക് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി കസേര മാത്രം ലക്ഷ്യമിടുന്ന ശിവസേനയുടെ നിര്‍ദ്ദേശം സ്വീകരിക്കാതെ പോയ സ്ഥിതിക്ക് തിരികെ എന്‍സിപിക്ക് പിന്തുണ ഉറപ്പാക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം.

Top