മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പ്; ശരദ് പവാറിനു പങ്കുണ്ടെന്ന ആരോപണവുമായി രാജ് താക്കറേ

പൂണെ : മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ അനുഗ്രഹാശിസ്സുകളോടെയെന്നു മഹാരാഷ്ട്ര നവനിർമാൺ സേന പ്രസിഡന്റ് രാജ് താക്കറേ. എൻസിപിയെ പിളർത്തി അജിത് പവാറും ഒരു സംഘവും ശിവസേന–ബിജെപി സർക്കാരിനോട് ചേർന്നതിനെക്കുറിച്ചു പൂണെയിൽ സംസാരിക്കുകയായിരുന്നു രാജ് താക്കറേ. മഹാരാഷ്ട്രയിൽ പാർട്ടി പിളർത്തൽ ആരംഭിച്ചത് ശരദ് പവാറാണെന്നു രാജ് താക്കറെ കുറ്റപ്പെടുത്തി.

‘‘മഹാരാഷ്ട്രയിൽ സംഭവിച്ചതു വളരെ മോശം കാര്യമാണ്. വോട്ടർമാരെ അപമാനിക്കലാണിത്. ശരദ് പവാറാണ് മഹാരാഷ്ട്രയിൽ ഇതു തുടങ്ങിവച്ചത് . 1978 ൽ കോൺഗ്രസിനെ (യു) പിളർത്തി പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് ഫ്രണ്ടുണ്ടാക്കി. അതിനുമുമ്പ് ഇത്തരത്തിലുള്ള രാഷ്ട്രീയ അവസ്ഥകൾ മഹാരാഷ്ട്രയിലുണ്ടായിരുന്നില്ല. എല്ലാം തുടങ്ങിയത് പവാറിലൂടെയാണ്, അവസാനിച്ചതും പവാറിലൂടെ’’– രാജ് താക്കറെ വിശദീകരിച്ചു.

സഹോദരപുത്രൻ അജിത് പവാർ ശിവസേന–ബിജെപി സർക്കാരിനോട് ചേർന്നതിലും ഉപമുഖ്യമന്ത്രിയായതിലും ശരദ് പവാറിനു പങ്കുണ്ടെന്നാണു രാജ് താക്കറേയുടെ ആരോപണം. ‘‘ആരൊക്കെ ഏതൊക്കെ പാർട്ടിയിലാണെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. മഹാരാഷ്ട്രയിൽ സംഭവിച്ചത് ദാരുണമായ സംഭവമാണ്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ നാളെ കേന്ദ്രമന്ത്രിയായാലും താൻ അത്ഭുതപ്പെടില്ല. വരെ പെട്ടെന്ന് സംഭവിച്ചതല്ല ഈ കാര്യങ്ങൾ. ദിവസങ്ങൾ ‌നീണ്ട പദ്ധതിയാണു പിന്നിൽ’’– രാജ് താക്കറെ പറഞ്ഞു.

വൻ രാഷ്ട്രീയ അട്ടിമറിയിലൂടെയാണു എൻസിപിയെ നെടുകെ പിളർത്തി അജിത് പവാർ മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായത്. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ സഹോദരപുത്രനായ അജിത് പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കെയാണു ഭരണപക്ഷത്തേക്കു േചക്കേറിയത്. ഛഗൻ ഭുജ്ബൽ ഉൾപ്പെടെ 8 പേരും അജിത്തിനൊപ്പം ഷിൻഡെ–ഫഡ്നാവിസ് സർക്കാരിൽ മന്ത്രിമാരാവുകയായിരുന്നു.

Top