എൻസിപി പിളർപ്പ്; അജിത്തിന്റെ യോഗത്തിൽ 30 എംഎൽമാർ, ശരദ് പവാറിനൊപ്പം 17 പേർ

മുംബൈ : എൻസിപി പിളർപ്പിനു ശേഷമുള്ള ആദ്യ ബലപരീക്ഷയിൽ കൂടുതൽ പേരുടെ പിന്തുണ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന്. പാർട്ടി പിളർത്തി 8 എംഎൽഎമാരുമായി അജിത് പവാർ എൻഡിഎ പാളയത്തിലേക്കു നീങ്ങിയ ശേഷം ആദ്യമായി ഇരുവിഭാഗങ്ങളും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചപ്പോൾ, അജിത് പവാറിനു പിന്തുണയുമായെത്തിയത് 30 എംഎൽഎമാർ. ശരദ് പവാർ വിളിച്ച യോഗത്തിൽ നിലവിൽ 17 എംഎൽഎമാരാണ് പങ്കെടുക്കുന്നത്.

മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് ആകെ 53 എംഎൽഎമാരാണുള്ളത്. അയോഗ്യതാ ഭീഷണി നേരിടാൻ 36 പേരുടെ പിന്തുണ വേണം. ഇരുവിഭാഗവും വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 10 പേരാണ് വിട്ടുനിൽക്കുന്നത്. അതിനിടെ, 35 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തതായി അജിത് പവാർ പക്ഷം അവകാശപ്പെട്ടു. ശരദ് പവാറിന്റെ യോഗത്തിൽ സ്ത്രീകളുടെ വൻ സംഘം പങ്കെടുക്കുന്നതായാണ് വിവരം.

പാർട്ടിയിലെ പിളർപ്പിനു ശേഷമുള്ള ആദ്യ യോഗം ശക്തി പ്രകടനത്തിനുള്ള വേദിയായാണ് ഇരു വിഭാഗവും കാണുന്നത്. മുംബൈയിലെ ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം പുരോഗമിക്കുന്നത്. അതേസമയം, ശരദ് പവാർ വിളിച്ച യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് ജിതേന്ദ്ര അഹ്‌വാദ് എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. ഒരു മണിക്ക് മുംബൈയിലെ നരിമാൻ പോയിന്റിലാണ് യോഗം വിളിച്ചത്. എംഎൽഎമാർ, എംപിമാർ, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുക്കാൻ ഇരുവിഭാഗവും നിർദേശിച്ചിട്ടുണ്ട്.

2024ലെ തിരഞ്ഞെടുപ്പ് മുൻനിർത്തി, സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി അജിത് പവാർ പക്ഷം എംഎൽഎമാരുടെ പിന്തുണ തേടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ‘‘ഞങ്ങൾക്കൊപ്പം വന്നാൽ അതിന്റെ ഗുണം 2024ലെ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ മണ്ഡലത്തിൽ ഇപ്പോഴും പൂർത്തിയാകാതെ കിടക്കുന്ന പദ്ധതികളുണ്ടെങ്കിൽ അത് പൂർത്തിയാക്കുന്നതിന് സഹായിക്കാം. അതിനായി ഫണ്ട് കിട്ടാൻ വഴിയൊരുക്കാം’ – അജിത് പവാർ പക്ഷം എൻസിപി എംഎൽഎമാർക്കു നൽകിയ വാഗ്ദാനമാണിത്.

അതിനിടെ അജിത് പവാറിനൊപ്പമായിരുന്ന 2 എംഎൽഎമാർ നിലപാട് മാറ്റി. സത്താറയിൽ നിന്നുള്ള മക്രാന്ത് പാട്ടീൽ, ഷഹാപുർ എംഎൽഎ ദൗലത്ത് ദരോഡ എന്നിവരാണ് എൻസിപി അധ്യക്ഷന്റെ പാളയത്തിൽ തിരിച്ചെത്തിയത്. അജിത് പക്ഷത്ത് എന്നു കരുതിയ മറ്റ് 2 എംഎൽഎമാരും തങ്ങൾ ശരദ് പവാറിനൊപ്പമാണെന്ന് അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ലോക്സഭാംഗം അമോൽ കോലയും ആദ്യ നിലപാട് തിരുത്തിയിരുന്നു.

53 എംഎൽഎമാരിൽ 40 പേരുടെ പിന്തുണയാണ് അജിത്ത് അവകാശപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ മൂന്നിൽ രണ്ട് അംഗസംഖ്യയായ 36 പേരെ ഒപ്പം നിർത്തണം. അയോഗ്യത സംബന്ധിച്ച് ഇരുപക്ഷങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലേക്കും വൈകാതെ വിഷയമെത്തും. 13 പേർ മാത്രമേ അജിത്തിന് ഒപ്പമുള്ളൂവെന്ന് ശരദ് പവാർ പക്ഷം അവകാശപ്പെട്ടു. തന്റെ ചിത്രം പോസ്റ്ററുകളിൽ ഉപയോഗിക്കരുതെന്ന് അദ്ദേഹം വിമതരോട് നിർദേശിച്ചു. അതിനിടെ, എൻസിപി പിളർന്നതായി തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സ്പീക്കർ രാഹുൽ നർവേക്കർ പറഞ്ഞു.

Top