‘മഹാ’നാടകങ്ങള്‍ അമ്മാവന്റെ കുടിലതയോ? തൃകക്ഷി സര്‍ക്കാരിലും മരുമകന്‍ ‘രണ്ടാമന്‍’

മുംബൈ: ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി രാജി വച്ച് തിരികെ വന്ന അജിത് പവാര്‍ മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. വികാസ് അഘാഡി സര്‍ക്കാരില്‍ എന്‍സിപിക്ക് ലഭിച്ച ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാറാകും എത്തുകയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

നീണ്ട ദിവസത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് 6നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ ഈ ചടങ്ങില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കില്ല. ത്രികക്ഷി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ ശേഷമേ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ മൂന്നിനകം വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് ഉദ്ധവിനോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അജിത് പവാറിനെ ബിജെപി പാളയത്തിലേക്കെത്തിച്ചതും തിരിച്ച് വരവും ശരത് പവാറിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നോ അതോ അജിത് പവാറിനെ അനുനയിപ്പിച്ച് എന്‍സിപിയില്‍ നിലനിര്‍ത്തുന്നതിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതാണോ എന്നും വ്യക്തമല്ല.

അഴിമതിക്കാരന്‍ എന്ന് വിളിച്ച ബിജെപിയെക്കൊണ്ട് തന്നെ അന്വേഷണം അവസാനിപ്പിച്ച് ‘ക്ലീന്‍ചിറ്റ്’ വാങ്ങിയെടുത്ത ശേഷമായിരുന്നു അജിത് പവാറിന്റെ മടക്കം. അതേ സമയം തന്നെ അജിത് പവാറിനെ ഒപ്പം കൂട്ടിയതില്‍ മഹാരാഷ്ട്ര ബിജെപിക്കുള്ളില്‍ കടുത്ത വിഭാഗീയതക്കിടയാക്കുകയും ചെയ്തു.

അജിത് പവാറിനെ വിശ്വസിച്ച് സര്‍ക്കാരുണ്ടാക്കുകയും ഒടുവില്‍ നാണം കെട്ട് രാജിവെക്കേണ്ടിയും വന്നത് പാര്‍ട്ടിക്കുണ്ടാക്കിയ ആഘാതം ചില്ലറയല്ല. അജിത് അഴിമതിക്കാരന്‍ തന്നെയാണെന്നും അദ്ദേഹത്തിന്റെ പിന്തുണ വാങ്ങിയ പാര്‍ട്ടി നടപടി തെറ്റാണെന്നും ഫഡ്നാവിസിനെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ഏക്നാഥ് ഖഡ്സെരംഗത്തെത്തിയിരുന്നു.

നംബംബര്‍ 27 ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെയായിരുന്നു അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു. അതോടെയാണ് മഹാരാഷ്ട്രയില്‍ മഹാസഖ്യത്തിന്റെ സര്‍ക്കാരിന് ഊഴം വന്നത്.

Top