‘എൻ.സി.പി – ശരദ്ചന്ദ്ര പവാർ’; ശരദ് പവാർ പക്ഷത്തിന് പുതിയ പേര്

 ശരത് പവാർ പക്ഷത്തിന്‍റെ പേര് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) – ശരദ് ചന്ദ്ര പവാർ എന്നാക്കി. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാറിന് എൻ.സി.പിയുടെ പേരും ചിഹ്നവും അനുവദിച്ചതിന് പിന്നാലെയാണ് ശരദ് പവാർ പക്ഷം പുതിയ പേരിട്ടത്.

യഥാർഥ എൻ.സി.പി അജിത് പവാർ പക്ഷമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. പാർട്ടി ചിഹ്നത്തിനും അവർക്കാണ് അർഹതയെന്നും കമ്മീഷൻ ഉത്തരവിട്ടു. ഇരുപക്ഷത്തിന്റെ വാദങ്ങൾ കേട്ട ശേഷമാണ് തീരുമാനം. പാർട്ടി പിളർത്തി ബിജെപിയോടൊപ്പം ചേർന്ന അജിത് പവാർ പക്ഷത്തെ കമ്മീഷൻ അംഗീകരിച്ചത് ശരദ് പവാർ പക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു. ആറ് മാസത്തിനുള്ളിൽ പത്ത് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദം കേട്ടത്. ഒടുവിൽ തങ്ങളാണ് യഥാർഥ എൻസിപിയെന്ന അജിത് പവാർ പക്ഷത്തിന്റെ വാദം കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. ശിവസേന പിളർപ്പിലുള്ള വിധിക്ക് സമാനമായ ഉത്തരവ് കോടതിയിലേക്ക് നീങ്ങുമെന്ന് ഉറപ്പാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എൻ.സി.പി എം.എൽ.എമാരും ഏക്നാഥ് ഷിൻഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചിരുന്നു. ബി.ജെ.പിക്കൊപ്പം ചേർന്നെങ്കിലും ശരദ് പവാറിനെ തള്ളിപ്പറയാൻ അജിത് തയ്യാറായിരുന്നില്ല. അജിത്തിന്റെ ഓഫീസിൽ ശരദ് പവാറിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. ശരദ് പവാർ അജിത്തുമായി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Top