മഹാസഖ്യത്തിന്റെ ‘വെളിച്ചം’ കെടാതിരിക്കട്ടെ; ശരദ് പവാറിന് പിറന്നാള്‍ ആശംസകളുമായി പ്രമുഖര്‍

മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും. 79-ാം പിറന്നാളാണ് അദ്ദേഹം ഇന്ന് ആഘോഷിക്കുന്നത്.

പവാറിന് ദീര്‍ഘായുസ്സും ആരോഗ്യകരവുമായ ജീവിതവും നേരുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്ദേഹത്തെ മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ വഴികാട്ടി എന്ന് വിശേഷിപ്പിച്ചാണ് ശിവസേന മേധാവി ഉദ്ദവ് താക്കറെ ആശംസകള്‍ അറിയിച്ചത്.

മാസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിലൂടെ സര്‍ക്കാര്‍ രൂപീകരിച്ചത്. സൈദ്ധാന്തികമായി പൊരുത്തപ്പെടാത്ത ഈ മഹാ സഖ്യത്തെ ഒരുമിപ്പിച്ചതില്‍ പവാറിന് ശക്തമായ പങ്കുണ്ട്. പുതിയ സഖ്യത്തിലൂടോ സര്‍ക്കാരുണ്ടാക്കാന്‍ സേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

‘ശരദ് പവാര്‍ജിയുടെ ജന്മദിനത്തില്‍ ആശംസകള്‍. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു,’ എന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

പവാറിന്റെ മകളും എന്‍സിപി എംപിയുമായ സുപ്രിയ സുലെയും പിതാവിന് ആശംസകള്‍ അറിയിച്ചു. ‘പ്രിയ ബാബ, നിങ്ങള്‍ ഞങ്ങള്‍ക്ക് നിരന്തരമായ സ്രോതസ്സാണ്. പ്രത്യയശാസ്ത്രത്തിന്റെ തിളക്കമാര്‍ന്ന പാരമ്പര്യവും അതിലൂടെ ചവിട്ടാനുള്ള കരുത്തും നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി .. ബാബ, അതിരുകളില്ലാത്ത ജന്മദിനാശംസകള്‍ നേരുന്നു നിങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുക’. എന്നായിരുന്നു സുലെ മറാത്തി ഭാഷയില്‍ ട്വീറ്റ് ചെയ്തത്.

എന്‍സിപി മേധാവിയുടെ ജന്മദിനം മഹാരാഷ്ട്രയിലുടനീളം കര്‍ഷകര്‍ക്ക് നന്ദി പറയുന്ന ദിനമായി എന്‍സിപി ആഘോഷിക്കുന്നു. സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി 80 ലക്ഷം രൂപ സമാഹരിച്ചതായി പാര്‍ട്ടി വിലയിരുത്തി. അതേസമയം തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ പിറന്നാള്‍ നൃത്തം ചെയ്തും പാട്ടുപാടിയുമൊക്കെയാണ് ജനങ്ങള്‍ ആഘോഷിച്ചത്.

കോണ്‍ഗ്രസിലൂടെ തുടങ്ങിയതാണ് പവാറിന്റെ രാഷ്ട്രീയ ജീവിതം. തുടര്‍ന്ന് 1978 ല്‍ മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. പിന്നീട് പിവി നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എന്നിവരുടെ സര്‍ക്കാരുകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1999 ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് എന്‍സിപി രൂപീകരിച്ചു.

Top