മുന്നണി മാറ്റ വാര്‍ത്തകള്‍ നിഷേധിച്ച് എന്‍സിപി നേതാക്കള്‍ വീണ്ടും

peethambaran

തിരുവനന്തപുരം: മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന് എന്‍സിപി നേതാക്കള്‍. യുഡിഎഫുമായി പാര്‍ട്ടി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത എന്‍സിപി അദ്ധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ നിഷേധിച്ചു. സീറ്റുകള്‍ വിട്ടു നല്‍കേണ്ട എന്ന നിലപാടാണ് എന്‍സിപിയ്ക്ക് നിലവിലുള്ളത്.

‘യു.ഡി.എഫുമായി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പാലാ സീറ്റില്‍ ഒരു തര്‍ക്കത്തിന്റെ ആവശ്യമില്ല. അതത് പാര്‍ട്ടികള്‍ മത്സരിച്ച് വിജയിച്ച സീറ്റുകളില്‍ അതത് പാര്‍ട്ടികള്‍ തന്നെ മത്സരിക്കണമെന്നുളളതാണ് ഇടതുപക്ഷ മുന്നണിയുടെ തീരുമാനം. ആ തീരുമാനമനുസരിച്ച് എന്‍.സി.പി. ജയിച്ച സീറ്റാണ് പാല. അതുകൊണ്ട് പാലയില്‍ എന്‍.സി.പി. തന്നെ മത്സരിക്കും. സിറ്റിങ് സീറ്റുകള്‍ വിട്ടുകളയുന്ന നടപടി ആരും സ്വീകരിക്കാറില്ല.’ പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു

എന്‍സിപി മുന്നണി വിടുമെന്ന വാര്‍ത്തകള്‍ ശരിയെല്ലെന്നും ഭരണ തുടര്‍ച്ച ഉറപ്പാണെന്നും എ കെ ശശീന്ദ്രനും പ്രതികരിച്ചു. യുഡിഎഫിലേയ്ക്ക് പോയാല്‍ കയ്യിലുള്ള സീറ്റുകള്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് ശശീന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ് എസിലേയ്ക്ക് ശശീന്ദ്രന് സ്വാഗതമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Top