2 മക്കള്‍; ആര്‍എസ്എസിനെതിരെ എന്‍സിപി ഉപയോഗിച്ച ആയുധം കൊണ്ടത് കോണ്‍ഗ്രസിന്

നിര്‍ബന്ധിത വന്ധ്യകരണം നടത്തിയ അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിച്ച് ആര്‍എസ്എസിനെ അക്രമിക്കാന്‍ തുനിഞ്ഞ എന്‍സിപി നിലപാടില്‍ കലിപ്പടിച്ച് കോണ്‍ഗ്രസ്. ജനസംഖ്യാ വര്‍ദ്ധനവ് തടയാന്‍ രണ്ട് മക്കള്‍ നയം മുന്നോട്ട് വെച്ച് ആര്‍എസ്എസ് ആഹ്വാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എന്‍സിപി നേതാവ് നവാബ് മാലിക്.

ഇതിന് ആവശ്യമായ നിയമങ്ങള്‍ നിരവധി സംസ്ഥാനങ്ങളില്‍ നിലവിലുണ്ടെന്ന് നവാബ് മാലിക് വ്യക്തമാക്കി. എന്നാല്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ നിലപാട് പിന്തുടര്‍ന്ന് ഇതിനായി നയം രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വെല്ലുവിളിച്ചു. അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിച്ചാണ് നവാബ് മാലിക് ആ വെല്ലുവിളി നടത്തിയത്.

1976 സെപ്റ്റംബറില്‍ ജനസംഖ്യാ നിയന്ത്രണത്തിനായി സഞ്ജയ് ഗാന്ധി നിര്‍ബന്ധിച്ച വന്ധ്യകരണ പരിപാടിക്ക് തുടക്കമിട്ട വിഷയമാണ് നവാബ് കുത്തിപ്പുറത്തിട്ടത്. കുടുംബാസൂത്രണം നടപ്പാക്കാന്‍ സഞ്ജയ് ഗാന്ധി നടപ്പാക്കിയ നിര്‍ബന്ധിത വന്ധ്യകരണം ക്രൂരതയായി മാറുകയും ചെയ്തിരുന്നുു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, ശിവസേന സഖ്യത്തിനൊപ്പം ഭരണത്തില്‍ ഇരിക്കുന്ന എന്‍സിപിയുടെ നേതാവ് നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് കൊള്ളാന്‍ ഇതിലും കൂടുതല്‍ കാരണം വേണ്ടല്ലോ!

സഞ്ജയ് ഗാന്ധിയുടെ സാഹസം അല്‍പ്പം കടന്നുപോയെന്ന് കോണ്‍ഗ്രസ് നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. നിര്‍ബന്ധിത വന്ധ്യകരണവും, ചേരികള്‍ ഇല്ലാതാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ അതിരുകടന്നതാണെന്ന് കോണ്‍ഗ്രസ് സമ്മതിക്കുന്നു. സ്വേച്ഛാധിപതിയുടെ രീതിയിലാണ് സഞ്ജയ് ഗാന്ധിനയങ്ങള്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് 2010ല്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Top