പാലായില്‍ മാണി.സി.കാപ്പന്‍ സ്ഥാനാര്‍ത്ഥി; തീരുമാനമെടുത്ത് എന്‍സിപി നേതൃയോഗം

പാല: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി.സി. കാപ്പന്‍ സ്ഥാനാര്‍ത്ഥിയാകും. എന്‍സിപി നേതൃയോഗത്തിന്റേതാണ് തീരുമാനം.

എന്‍സിപി തീരുമാനം എല്‍ഡിഎഫിനെ അറിയിക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും ഉണ്ടാവുക.

വൈകുന്നേരമാണ് ഇടത് മുന്നണി യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ തിയതിയും പ്രചരണപരിപാടികളും ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനിക്കും.

അതേസമയം, മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്നാവശ്യപ്പെട്ട് എന്‍സിപിയില്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇനി പാലായില്‍ നിന്ന് മത്സരിക്കില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നുവെന്നും നിരവധി സാമ്പത്തിക ക്രമക്കേട് കേസുകള്‍ കാപ്പന് എതിരെ ഉണ്ടെന്നും ആരോപിച്ച് ഒരുവിഭാഗം ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കത്തയക്കുകയായിരുന്നു.

മാണി സി കാപ്പന്‍ ഇടതുമുന്നണി നടത്തുന്ന ഒരു പരിപാടിയിലും പങ്കെടുക്കാറില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് എതിരെ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്ത ശേഷം പാര്‍ട്ടിയോട് ആലോച്ചിക്കാതെ പിന്‍വലിച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു.

Top