സഖാവെ, ഒരു എം.എല്‍.എയെ കിട്ടാനുണ്ടോ? മന്ത്രിയാക്കാം . . എന്‍.സി.പി വീണ്ടും സജീവം

മുംബൈ: കേരളത്തില്‍ എന്‍.സി.പിക്ക് ഒരു മന്ത്രിയുണ്ടാവാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം.

ആര്‍.ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) എന്‍.സി.പിയുമായി ലയിക്കുമെന്ന വാര്‍ത്ത ബാലകൃഷ്ണപിള്ള തന്നെ തള്ളിയിട്ടുണ്ടെങ്കിലും എന്‍.സി.പി കേന്ദ്ര നേതൃത്വത്തെ സംബന്ധിച്ച് പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ല.

ഇക്കാര്യത്തില്‍ കേരളത്തിലെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം കാര്യമാക്കേണ്ടന്ന നിലപാടിലാണ് എന്‍.സി.പി ദേശീയ നേതൃത്വം.

കേരള കോണ്‍ഗ്രസ്(ബി) എം എല്‍ എ കെ.ബി ഗണേഷ് കുമാര്‍ മാത്രമല്ല ഇടത് പിന്തുണയോടെ മത്സരിച്ച് ജയിച്ച അഞ്ച് ഇടത് സ്വതന്ത്ര എം.എല്‍.എമാരില്‍ ആര് എന്‍.സി.പിയിലേക്ക് വന്നാലും സ്വീകരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ ചാണ്ടിക്ക് ഇനി മന്ത്രി സ്ഥാനത്ത് തിരിച്ചു കയറാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മറ്റൊരു എന്‍.സി.പി എം.എല്‍.എ ആയ എ.കെ.ശശീന്ദ്രനാകട്ടെ പെണ്‍കെണി കേസില്‍ നിന്നും വിമുക്തനായിട്ടുമില്ല.

കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന മാധ്യമ പ്രവര്‍ത്തകയുടെ ഹര്‍ജിയില്‍ കോടതി അനുകൂല തീരുമാനമെടുത്താല്‍ പോലും ധാര്‍മ്മികത മുന്‍നിര്‍ത്തി ശശീന്ദ്രന് തിരിച്ച് മന്ത്രി പദവി നല്‍കാന്‍ പാടില്ലെന്ന നിലപാടിലാണ് സി.പി.എമ്മിലെ പ്രബല വിഭാഗം.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ടാണ് വീണ്ടും ‘പിന്‍വാതിലിലൂടെ’ മന്ത്രിസഭയില്‍ കയറിക്കൂടാന്‍ എന്‍.സി.പി നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്.

കൊല്ലത്ത് നിന്നുള്ള ഒരു ഇടത് സ്വതന്ത്രന്‍ ഉള്‍പ്പെടെ നാല് എം.എല്‍.എമാരുമായി എന്‍.സി.പി ദൂതന്‍മാര്‍ ഇതിനകം തന്നെ ആശയ വിനിമയം നടത്തിയതായും സൂചനകളുണ്ട്.

സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞ ശേഷം മന്ത്രിസ്ഥാനം സംബന്ധിച്ച് ഇടത് നേതൃത്വവുമായി ആശയവിനിമയം നടത്താനാണ് എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

ഈ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നവരെ അനുനയിപ്പിക്കാന്‍ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പീതാംബരന്‍ മാസ്റ്ററെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആവശ്യമെന്ന് കണ്ടാല്‍ ദേശീയ നേതൃത്വം തന്നെ ഇടപെടാനാണ് ധാരണ.

ദേശീയ തലത്തില്‍ മതനിരപേക്ഷ സഖ്യം ആഗ്രഹിക്കുന്ന സി.പി.എം, കേരളത്തില്‍ എന്‍.സി.പിക്കായി ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നത് സാക്ഷാല്‍ ശരദ് പവാര്‍ തന്നെയാണെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ പിണറായിയും സിപിഎം നേതൃത്വവും എന്‍സിപിയുടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഇതുവരെയും മനസുതുറന്നിട്ടില്ല.

Top