എന്‍സിപിക്ക് മുഖ്യമന്ത്രി കസേര വേണം; കോണ്‍ഗ്രസിന്റെ കണ്ണ് സ്പീക്കര്‍ കസേരയില്‍

അധികാരം പങ്കുവെയ്ക്കണം, ശിവസേനയ്‌ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിയുടെയും, കോണ്‍ഗ്രസിന്റെയും ഡിമാന്‍ഡ് ഇതാണ്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഖ്യകക്ഷിയായ എന്‍സിപിയും, കോണ്‍ഗ്രസും ഔദ്യോഗികമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായി അധികാരം പങ്കുവെയ്ക്കാനുള്ള ഫോര്‍മുലയില്‍ ഉടന്‍ അന്തിമ തീരുമാനം ആകുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി കസേര വേണമെന്നാണ് എന്‍സിപി ആവശ്യപ്പെടുന്നത്. ബിജെപിയുമായുള്ള സഖ്യത്തിന് വിള്ളല്‍ വീഴ്ത്തിയ ഈ ആവശ്യം എന്‍സിപി മുന്നോട്ട് വെയ്ക്കുന്നത് തന്നെയാണ് പ്രതിപക്ഷ സഖ്യരൂപീകരണത്തിലെ വെല്ലുവിളി. കോണ്‍ഗ്രസ്, എന്‍സിപി എന്നിവരില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണ പ്രഖ്യാപിക്കുന്ന കത്ത് ശിവസേനയ്ക്ക് ലഭിച്ചില്ല. എന്‍സിപിയുടെ ശ്രമങ്ങളും പാളിയതോടെ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെടുകയും പിന്നാലെ കോണ്‍ഗ്രസ്, എന്‍സിപി യോഗം മുംബൈയില്‍ ചേരുകയുമായിരുന്നു.

കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് പുറമെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും മുംബൈയില്‍ വൈകുന്നേരത്തോടെ എത്തിച്ചേര്‍ന്നു. എന്‍സിപി മേധാവി ശരത് പവാറുമായി ഒന്നര മണിക്കൂര്‍ കൂടിക്കാഴ്ചയും നടത്തി. കോണ്‍ഗ്രസും, എന്‍സിപിയും തമ്മില്‍ മിനിമം പ്രോഗ്രാമില്‍ തീരുമാനം ആയശേഷമാകും ശിവസേനയുമായി ചര്‍ച്ചയെന്ന് അഹമ്മദ് പട്ടേല്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.

നിയമസഭാ സ്പീക്കര്‍ പദവിക്ക് പുറമെ സുപ്രധാന വകുപ്പുകളും കോണ്‍ഗ്രസ് ആവശ്യപ്പെടും. രാഷ്ട്രപതി ഭരണം വന്നതോടെ അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ ചര്‍ച്ചകള്‍ക്ക് സമയം കിട്ടുമെന്നാണ് ശരത് പവാറിന്റെ പ്രതികരണം.

Top