കൈപ്പത്തിയിൽ മത്സരിക്കണം, മൂന്നു സീറ്റുകൾ നൽകില്ല, കടുപ്പിച്ച് മുല്ലപ്പള്ളി

ൻ.സി.പി നേതാവായിരുന്ന മാണി സി കാപ്പൻ ഇപ്പോൾ യു.ഡി.എഫിൻ്റെ ഭാഗമായിരിക്കുകയാണ്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് എം.എൽ.എ ആയതിനു ശേഷമാണ് അദ്ദേഹം യു.ഡി.എഫ് പാളയത്തിലെത്തിയിരിക്കുന്നത്. ജോസ്.കെ മാണി വിഭാഗം കേരള കോൺഗ്രസ്സിനെ യു.ഡി.എഫ് പുറത്താക്കിയപ്പോഴാണ് അവർ ഇടതുപക്ഷത്തെത്തിയിരുന്നത്. എന്നാൽ, ആരും പുറത്താക്കാതെ സ്വയം പുറത്തു പോയാണ് മാണി സി കാപ്പൻ യു.ഡി.എഫിൽ ചേർന്നിരിക്കുന്നത്. അതാകട്ടെ, പാലാ സീറ്റിൽ മത്സരിക്കുന്നതിനു വേണ്ടി മാത്രമാണ്. പ്രകടമായ അധികാര മോഹമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. അവസരവാദിയും സ്ഥാനമോഹിയും ആയ കാപ്പനെ സ്വീകരിക്കുക വഴി അധികാര മോഹികളുടെ കൂട്ടമാണ് യു.ഡി.എഫ് എന്നത്, ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ്സും മുസ്ലീം ലീഗും അടക്കം യു.ഡി.എഫിലെ സകല കക്ഷികൾക്കും നിയമസഭ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. ഇത്തവണ ഇല്ലങ്കിൽ ഇനി ഒരിക്കലുമില്ലന്ന് അവരെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ജോസ്. കെ മാണി വിഭാഗം യു.ഡി.എഫ് വിട്ടത് മധ്യതിരുവതാംകൂറിൽ വലിയ ഭീഷണിയാണ് യു.ഡി.എഫിന് ഉയർത്തിയിരിക്കുന്നത്. ഈ ക്ഷീണം കാപ്പൻ്റെ വരവോടെ തീരുമെന്നാണ് ധരിക്കുന്നതെങ്കിൽ, ആ ധാരണ തന്നെ തെറ്റാനാണ് സാധ്യത. കാരണം, കാപ്പന് സ്വന്തം നിലയ്ക്ക് പാലായിൽ പോലും സ്വാധീനമില്ല. അങ്ങനെ സ്വാധീനം ഉണ്ടായിരുന്നെങ്കിൽ മുൻപ് പല തവണ ആ മണ്ഡലത്തിൽ കാപ്പൻ പരാജയപ്പെടില്ലായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കാപ്പൻ ജയിക്കാൻ പ്രധാന കാരണം സി.പി.എമ്മിൻ്റെ സംഘടനാ സംവിധാനം മുഴുവൻ പാലായിൽ കേന്ദ്രീകരിച്ചതു കൊണ്ടാണ്. കോൺഗ്രസ്സ് കുത്തക മണ്ഡലമായ വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചതും ഈ കരുത്തിൽ തന്നെയാണ്. മാണി സി കാപ്പൻ്റെ മിടുക്കല്ല, പാലായിലെ വിജയത്തിനു പിന്നിലെന്നതിനു തെളിവാണിത്.

പാല ഇടത്തോട്ട് ചെരിയാൻ മറ്റൊരു പ്രധാന കാരണം ഇടതുപക്ഷ സർക്കാറിൻ്റെ ഭരണമികവാണ്. കേരള കോൺഗ്രസ്സിലെ ഭിന്നതയും, സ്വന്തം ചിഹ്നം നഷ്ടപ്പെട്ടതും, പാലായിലെ കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പതനമാണ് പൂർണ്ണമാക്കിയിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ജോസ് കെ മാണി വിഭാഗമാണ് യഥാർത്ഥ കേരള കോൺഗ്രസ്സെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഇപ്പോൾ അംഗീകരിച്ചിരിക്കുകയാണ്.അതായത്, പി.ജെ.ജോസഫ് വിഭാഗം വെറും “പടമാണെന്ന്” വ്യക്തം.

ജോസ് കെ മാണിയുടെ പാർട്ടിയുടെ കരുത്തും ഇടതുപാർട്ടികളുടെ കരുത്തും കൂടിചേർന്നാൽ അതിനെ മറികടക്കാൻ കാപ്പനും യു.ഡി.എഫിനും അത്ര എളുപ്പത്തിൽ കഴിയുകയില്ല. മാത്രമല്ല കാപ്പൻ്റെ വരവിൽ രസിക്കാത്ത നല്ലൊരു വിഭാഗം കോൺഗ്രസ്സുകാർ പാലായിലുമുണ്ട്. മൂന്ന് സീറ്റുകൾ കാപ്പൻ വിഭാഗത്തിനു നൽകുമെന്ന വാർത്തകളെ തള്ളി ഇപ്പോൾ തന്നെ കോൺഗ്രസ്സ് നേതൃത്വവും രംഗത്തു വന്നിട്ടുണ്ട്. കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നിലപാടും, കാപ്പൻ്റെ ‘കൈ’ പൊള്ളിക്കുന്നതാണ്.

പാലാക്ക് അപ്പുറം ഒരു സീറ്റു പോലും കാപ്പൻ വിഭാഗത്തിനു കൊടുക്കേണ്ടതില്ലന്ന നിലപാടിലാണ് കോൺഗ്രസ്സ് നേതൃത്വമുള്ളത്. കായംകുളം സീറ്റും മലബാറിൽ മറ്റൊരു സീറ്റുമെന്ന കാപ്പൻ്റെ മോഹമാണ് ഇതോടെ തകരുന്നത്. കാപ്പനു ഒപ്പമുള്ള സ്ഥാനമോഹികൾക്കും കെ.പി.സി.സിയുടെ ഈ നിലപാട് തിരിച്ചടിയാണ്. പാലാക്ക് അപ്പുറം ഒരു സീറ്റ് നൽകുന്നതിനോട് മുസ്ലീംലീഗിനും യോജിപ്പില്ല. ഇക്കാര്യം ലീഗ് നേതാക്കളും കോൺഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള പുതിയ പാർട്ടികളും യു.ഡി.എഫിൽ അവകാശവാദം ഉന്നയിച്ചു രംഗത്തുണ്ട്.

സി.എം.പി മൂന്നു സീറ്റാണ് ലക്ഷ്യമിടുന്നത്. ജോസഫ് വിഭാഗം കേരള കോൺഗ്രസ്സ് 11 സീറ്റെങ്കിലും കിട്ടണമെന്ന വാശിയിലാണ്. മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത് 30 സീറ്റുകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ഉണ്ടായിരുന്ന ലോക് താന്ത്രിക് ജനതാദൾ, ജോസ് വിഭാഗം കേരള കോൺഗ്രസ്സ് പാർട്ടികളുടെ സീറ്റുകൾ വീതം വയ്ക്കണമെന്നതാണ് ലീഗിൻ്റെ ആവശ്യം. കഴിഞ്ഞ തവണ കേരള കോൺഗ്രസ്സ് മത്സരിച്ച സീറ്റുകൾ കിട്ടണമെന്നതാണ് പി.ജെ.ജോസഫും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ചെറിയ വിട്ടുവീഴ്ചയല്ലാതെ വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലന്നതാണ് ജോസഫിൻ്റെ നിലപാട്.

അതേ സമയം, ഫോർവേഡ് ബ്ലോക്ക്, മാണി സി കാപ്പൻ വിഭാഗങ്ങൾക്കായി 2 സീറ്റുകൾ നീക്കിവയ്ക്കാനാണ് കോൺഗ്രസ്സ് ആലോചിക്കുന്നത്. കേരള കോൺഗ്രസ്സ് മത്സരിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിലും മത്സരിക്കണമെന്ന നിലപാട് കോട്ടയം ഡി.സി.സിയും സ്വീകരിച്ചിട്ടുണ്ട്. ഇതും ജോസഫ് വിഭാഗത്തിനു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സീറ്റുകൾ പിടിച്ചു വാങ്ങി മത്സരിച്ചാൽ കോൺഗ്രസ്സ് പാലം വലിക്കുമോ എന്നതും ജോസഫ് വിഭാഗത്തിൻ്റെ ഉറക്കം കെടുത്തുന്നതാണ്. ജോണി നെല്ലൂർ, ജേക്കബ് വിഭാഗത്തോട് ഗുഡ് ബൈ പറഞ്ഞതു തന്നെ ജോസഫ് സീറ്റു നൽകുമെന്ന ഉറപ്പിൻമേലാണ്. അദ്ദേഹവും നിലവിൽ ”ത്രിശങ്കുവിലാണ്.

സീറ്റു നിർണ്ണയം യു.ഡി.എഫിനെ സംബന്ധിച്ച്, കീറാമുട്ടിയായി മാറുമ്പോൾ, ഇടതുപക്ഷത്ത് കാര്യങ്ങൾ ഏറെക്കുറേ ശാന്തമാണ്. സി.പി.ഐ പോലും വിട്ടു വീഴ്ചക്ക് തയ്യാറായാണ് നിൽക്കുന്നത്. എല്ലാ ഘടക കക്ഷികളും വിട്ടു വീഴ്ച ചെയ്യേണ്ടി വരുമെന്ന് സി.പി.എം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജോസ്.കെ മാണി വിഭാഗത്തിനു അർഹമായ പരിഗണന നൽകാൻ തന്നെയാണ് സി.പി.എം തീരുമാനം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും, മലബാറിലെ മലയോര മേഖലകളിലും, ജോസ് കെ മാണി വിഭാഗത്തിനു സ്വാധീനമുണ്ട്. ഇതു ഉപയോഗപ്പെടുത്താനാണ് ഇടതിൻ്റെ തീരുമാനം. ശക്തി ഇല്ലങ്കിലും ലോക് താന്ത്രിക് ജനതാദളിനും ഇടതുപക്ഷം ഇത്തവണ സീറ്റുകൾ നൽകും.

അതേസമയം എൻ.സി.പിക്ക് നൽകുന്ന സീറ്റുകളുടെ കാര്യത്തിൽ നിലവിൽ അനിശ്ചിതത്ത്വമുണ്ട്. കഴിഞ്ഞ തവണ എലത്തൂർ, കോട്ടക്കൽ, കുട്ടനാട് ,പാല മണ്ഡലങ്ങളാണ് എൻ.സി.പിക്ക് നൽകിയിരുന്നത്. അതിൽ ഇത്തവണ മാറ്റം വരും. പാലായിൽ ജോസ്.കെ മാണി വിഭാഗം തന്നെ മത്സരിക്കും. സി.പി.എം ഒറ്റക്ക് നിന്നാൽ പോലും വൻ ഭൂരിപക്ഷത്തിനു വിജയിക്കുന്ന എലത്തൂർ മണ്ഡലത്തിൽ, ഇത്തവണ സി.പി.എം മത്സരിക്കണമെന്നത് സി.പി.എം പ്രവർത്തകരുടെ വലിയ ആഗ്രഹമാണ്. എലത്തൂരിൽ സി.പി.എം മത്സരിക്കാൻ തീരുമാനിച്ചാൽ, പകരം മറ്റൊരു സീറ്റാണ് എൻ.സി.പിക്ക് നൽകുക.

peethambaran

ആളില്ലാ പാർട്ടികളുടെ വിലപേശലിനു വഴങ്ങേണ്ടതില്ലന്ന നിലപാടിൽ തന്നെയാണ് സി.പി.എം നേതൃത്വമുള്ളത്. കമ്മ്യൂണിസ്റ്റ് വിരുദ്ധനായ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതാംബരൻ്റെ നിലപാടിലും സി.പി.എമ്മിൽ ശക്തമായ അമർഷമുണ്ട്. മാണി സി കാപ്പൻ യു.ഡി.എഫിൽ ചേക്കേറിയതിനെ ഇതുവരെ ശക്തമായി തള്ളിപ്പറയാൻ പീതാംബരൻ തയ്യാറായിട്ടില്ല. കാപ്പൻ തെറ്റൊന്നും ചെയ്തിട്ടില്ലന്ന നിലപാടിലാണ് അദ്ദേഹമുള്ളത്. ഈ നിലപാട് എൻ.സി.പിയിലും ഭിന്നതക്ക് കാരണമായിട്ടുണ്ട്. പീതാംബരന് ഇപ്പോഴും കൂറ് കാപ്പനോടാണെന്നാണ് ശശീന്ദ്ര വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. എൻ.സി.പിയെ യു.ഡി.എഫിൽ കെട്ടാൻ ശ്രമിച്ച് പരാജയപ്പെട്ട നേതാവാണ് പീതാംബരൻ. ഇതിനായി കാപ്പനൊപ്പം പലതവണയാണ് ശരദ് പവാറുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നത്. “പോകുകയാണെങ്കിൽ എൻ.സി.പി പോകട്ടെ” എന്ന നിലപാട് മുഖ്യമന്ത്രി കൂടി സ്വീകരിച്ചതുകൊണ്ടാണ്, ശരദ് പവാർ കാപ്പനെ കൈവിട്ടിരുന്നത്. ഇതോടെ വെട്ടിലായ പീതാംബരൻ എൻ.സി.പിയിൽ തന്നെ തുടരാൻ നിർബന്ധിക്കപ്പെടുകയായിരുന്നു.

അതേസമയം പീതാംബരനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിർത്തി മുന്നോട്ടു പോകാൻ കഴിയില്ലന്ന നിലപാടിലാണ് ശശീന്ദ്ര വിഭാഗമുള്ളത്. അവർ അതിനായുള്ള ചരടുവലികളും ആരംഭിച്ചിട്ടുണ്ട്. പീതാംബരൻ്റെ കാപ്പൻ അനുകൂല നിലപാട് തന്നെയാണ് ശശീന്ദ്ര വിഭാഗവും ആയുധമാക്കുന്നത്. ആളില്ലാ പാർട്ടിയിലെ ഈ ഭിന്നത ഇനിയും തുടർന്നാൽ എൻ.സി.പിയെ തന്നെ ഇടതുപക്ഷത്തു നിന്നും പുറത്താക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

Top