35 വര്‍ഷത്തെ ഇടതുപക്ഷ സേവനം അവസാനിപ്പിച്ചു, കോണ്‍ഗ്രസിലേക്ക് ചേക്കേറി കെ.എം കുഞ്ഞുമോന്‍

കൊച്ചി: ആലുവ നിയോജക മണ്ഡലം എല്‍.ഡി.എഫ്. കണ്‍വീനറും മുതിര്‍ന്ന എന്‍.സി.പി. നേതാവുമായ കെ.എം കുഞ്ഞുമോന്‍ കോണ്‍ഗ്രസിലേക്ക്. എന്‍.സി.പിയിലെ എല്ലാ സ്ഥാനങ്ങളും എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനവും രാജിവെക്കുകയാണെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും എന്‍.സി.പിയുടെ ജില്ലയിലെ ഭാരവാഹികളും പോഷകസംഘടനാ നേതാക്കളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ തന്നോടൊപ്പമുണ്ടാകുമെന്നും കുഞ്ഞുമോന്‍ കൂട്ടിച്ചേര്‍ത്തു.

‘എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നത്. പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരെ ചാക്കോ നിരന്തരം വേട്ടയാടുകയാണ്. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചുകൊണ്ട് ഇന്ന് 35 വര്‍ഷത്തെ ഇടതുപക്ഷത്തെ സേവനം അവസാനിപ്പിക്കുകയാണ്.’

കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. ഇന്നലെ വന്ന കെ.പി.സി.സി. ഭാരവാഹി പട്ടിക തന്നെ അതിനു തെളിവാണ്. കെ.പി.സി.സി. പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. ഞങ്ങളെ സ്വാഗതം ചെയ്യുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് കുഞ്ഞുമോന്‍ വ്യക്തമാക്കി.

നിലവില്‍ എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ് കെ.എം. കുഞ്ഞുമോന്‍. എറണാകുളം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, എന്‍.സി.പി. ജില്ലാ പ്രസിഡന്റ്, ഐ.എന്‍.എല്‍.സി. ട്രേഡ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്.

Top