എംഎല്‍എമാര്‍ക്കൊപ്പം മറുകണ്ടം ചാടിയ അജിത് പവാറടക്കമുള്ളവരെ പുറത്താക്കി എന്‍സിപി

മുംബൈ: ഒമ്പത് എംഎല്‍എമാര്‍ക്കൊപ്പം മറുകണ്ടം ചാടിയ അജിത് പവാറടക്കം മുതിര്‍ന്ന നേതാക്കളെ പുറത്താക്കി എന്‍സിപി. അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നീ മുതിര്‍ന്ന നേതാക്കളെയും 9 എംഎല്‍എമാരെയുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ശരദ് പവാര്‍ അധ്യക്ഷനായ എന്‍സിപി പ്രമേയം പാസാക്കിയത്. ഇന്ന് ശരദ് പവാറിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത 27 സംസ്ഥാന സമിതികളും പവാറിനൊപ്പമാണെന്ന് വ്യക്തമാക്കി.

 

എല്ലാ പി സി സി അധ്യക്ഷന്‍മാരും ഇന്ന് പവാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലെത്തി. മഹാരാഷ്ട്ര സംസ്ഥാന സമിതിയും കേരളാ എന്‍സിപി വിഭാഗവും പവാറിനൊപ്പാമാണ്. ഇന്നത്തെ യോഗത്തില്‍ കേരളത്തില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയും മന്ത്രി എകെ ശശീന്ദ്രനും പങ്കെടുത്തു. ദേശീയ നിര്‍വാഹക സമിതി 8 പ്രമേയങ്ങള്‍ പാസാക്കി.

എന്‍സിപി അധ്യക്ഷന്‍ ഞാന്‍ തന്നെയാണെന്നും മറ്റ് അവകാശ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശരദ് പവാര്‍ വ്യക്തമാക്കി. ആര്‍ക്കും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാന്‍ ആഗ്രഹിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഷിന്‍ഡെ മന്ത്രിസഭയില്‍ ചേര്‍ന്ന അജിത് പവാറിനെയും എംഎല്‍എമാരെയും കുറിച്ചുള്ള ചോദ്യത്തിന് ശരദ് പവാറിന്റെ മറുപടി.

Top