ശിവസേനയെ പിന്തുണയ്ക്കില്ല: മഹാരാഷ്ട്രയില്‍ എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്ന് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവേ നിലപാട് വ്യക്തമാക്കി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ശിവസേനയ്ക്കും ബി.ജെ.പിയ്ക്കും അനുകൂലമായാണ് ജനങ്ങള്‍ വിധിയെഴുതിയതെന്നും അതിനാല്‍ എത്രയും പെട്ടെന്ന് അവര്‍ തന്നെ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത് പ്രതിപക്ഷത്തിരിക്കാനാണെന്ന മുന്‍ നിലപാടും പവാര്‍ ആവര്‍ത്തിച്ചു.

ഇതോടെ പതിമൂന്ന് ദിവസമായി ശിവസേന പയറ്റിയ രാഷ്ട്രീയസമ്മര്‍ദ്ദ തന്ത്രത്തിനാണ് ശരദ് പവാറിന്റെ പ്രഖ്യാപനത്തോടെ അവസാനമായിരിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷമായി ശിവസേനയും ബി.ജെ.പി.യും ഒരുമിച്ചാണുള്ളത്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ വീണ്ടും ഒരുമിക്കും. നിലവിലെ തര്‍ക്കത്തില്‍ ബിജെപിയും ശിവസേനയും സമവായത്തിലെത്തണം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാന്‍ അതല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും ശരദ് പവാര്‍ വിശദീകരിച്ചു.ബിജെപി-ശിവസേന സര്‍ക്കാരിനായി കാത്തിരിക്കുകയാണെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേരാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെയാണ് എന്‍സിപി മുന്‍തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്. ശിവസേനയെ പിന്തുണയ്കക്കാമെന്നായിരുന്നു നേരത്തെ എന്‍സിപി അഭിപ്രായപ്പെട്ടത്. എന്നാല്‍, ശിവസേനയുമായുള്ള ബാന്ധവം ഒരു തരത്തിലും വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ശരദ് പവാറിനെ അറിയിച്ചതോടെയാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞത്.

Top