കുട്ടനാട്ടില്‍ എന്‍സിപി നില്‍ക്കും; സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിയുടെ സഹോദരന്‍?

തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന വേളയില്‍ ഇടത് മുന്നണിയുടെ സീറ്റ് എന്‍സിപിക്കെന്ന് ഉറപ്പായി. എന്‍സിപിയില്‍ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് മുന്നണിയുടെ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമനം.

അതേസമയം, എന്‍സിപി സ്ഥാനാര്‍ത്ഥിയാകുന്നത് അന്തരിച്ച എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസായിരിക്കും എന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്‍സിപിയാണ്. തിങ്കളാഴ്ച ചേരുന്ന എന്‍സിപി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയാം.

നേരത്തെ കുട്ടനാട് സീറ്റ് എന്‍സിപിയില്‍ നിന്ന് സിപിഎം ഏറ്റെടുത്തേക്കും എന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ തീരുമാനവുമായി ഇടത് മുന്നണി രംഗത്ത് വന്നിരിക്കുന്നത്.

അതിനിടെ, കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് മത്സരിച്ച് വന്ന സീറ്റ് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുകയും അതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല സീറ്റ് വിട്ടുനല്‍കില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. അതേസമയം കുട്ടനാട് സീറ്റ് വെച്ചുമാറാനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം.

Top