സുപ്രീംകോടതി വിധി ഇന്ന്; ബിജെപിയ്ക്കും, മഹാസഖ്യത്തിനും നിർണായകദിനം

ന്യൂഡല്‍ഹി : മഹാരാഷ്ട്ര സർക്കാര്‍ രൂപീകരണ കേസില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. രാവിലെ 10.30ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി അരങ്ങേറുന്ന രാഷ്ട്രീയ നാടകത്തിന്‍റെയും, ദേവേന്ദ്ര ഫട്നാവിസിന്‍റെ വിശ്വാസവോട്ടെടുപ്പിന്‍റെ കാര്യത്തിലാണ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഉത്തരവിറക്കുക.

വിശ്വാസവോട്ടെടുപ്പിന് 14 ദിവസത്തെ സമയം വേണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കോടതിയിൽ ഉയർത്തിയ വാദം. പ്രോടൈം സ്പീക്കറെ സുപ്രീംകോടതി തന്നെ നിയമിക്കണമെന്ന ആവശ്യം പ്രതിപക്ഷവും ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും മുതിർന്ന അംഗത്തെ പ്രോടൈം സ്പീക്കറാക്കാൻ നിർദ്ദേശിക്കണമെന്നാണ് ആവശ്യം.

അതേസമയം മഹാരാഷ്ട്രയിൽ 162 എംഎൽഎമാരെ അണിനിരത്തി ത്രികക്ഷി സഖ്യം ശക്തിപ്രകടനം നടത്തി. മുംബൈയിലെ സ്വകാര്യ റിസോർട്ടിൽ ഇന്നലെ മുഴുവൻ എംഎൽഎമാരെയും കോൺഗ്രസും ശിവസേനയും എത്തിച്ചപ്പോൾ എൻസിപിയുടെ 51 എംഎൽഎമാരാണ് എത്തിയത്. 162 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് രാവിലെ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് വൈകിട്ട് സ്വകാര്യ ഹോട്ടലില്‍ എംഎല്‍എമാരെ അണിനിരത്തിയത്.

ശരത് പവാര്‍ ഉദ്ധവ് താക്കറെ സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയോട് വിശ്വസ്തനായിരിക്കുമെന്നും പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ലെന്നും ബിജെപിയെ പിന്തുണയ്ക്കില്ലെന്നുമായിരുന്നു സത്യപ്രതിജ്ഞ.

Top