എന്‍സിഇആര്‍ടി സിലബസ് അടുത്ത വര്‍ഷം പകുതിയാക്കി കുറയ്ക്കും: ജാവദേക്കര്‍

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി സിലബസ് അടുത്ത വര്‍ഷത്തോടെ പകുതിയാക്കി കുറയ്ക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇതിനായുള്ള ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ കൊണ്ടുവരാനാണ് തീരുമാനം.

ബിരുദ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളതിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. ഇതു പകുതിയായി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ പഠനേതര പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ കുട്ടികള്‍ക്കാവൂയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പരീക്ഷകളില്ലെങ്കില്‍ കുട്ടികളില്‍ ആരോഗ്യപരമായ മത്സരബുദ്ധിയും ലക്ഷ്യബോധവും ഇല്ലാതാകും. കഴിവുള്ള ഒരു ഭാവിയെ വളര്‍ത്തിയെടുക്കാന്‍ മത്സരങ്ങള്‍ ഉണ്ടാകണം. കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ വര്‍ധിപ്പിക്കുവാന്‍ അവരെ കൂടുതല്‍ സ്വതന്ത്രരാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, അധ്യാപകര്‍ക്ക് വേണ്ടത്ര കഴിവില്ലാത്തത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിനു കാരണമാകുന്നുണ്ടെന്നും രാജ്യസഭ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

Top