ജയില്‍ സന്ദര്‍ശനത്തിനു പിന്നാലെ ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്. മുംബൈ ബാന്ദ്രയിലെ വീട്ടില്‍ എന്‍ സി ബിയാണ് റെയ്ഡ് നടത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍ സി ബി റെയ്ഡ് നടത്തുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നല്‍കി. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ ലഹരി മരുന്ന് കേസിലാണ് റെയ്ഡ്.

നേരത്തെ, ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ അറസ്റ്റിലായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് താരം ഷാറുഖ് ഖാനെത്തിയിരുന്നു. ഇന്ന് രാവിലെയാണ് ജലിയിലെത്തി ആര്യനെ കണ്ടത്.

ഒക്ടോബര്‍ രണ്ടിന് ആര്യന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാറുഖ് എത്തുന്നത്. കഴിഞ്ഞയാഴ്ച ഷാറുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വിഡിയോ കോളില്‍ സംസാരിച്ചിരുന്നു.

കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ജയില്‍ സന്ദര്‍ശന നിയന്ത്രണങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലഘൂകരിച്ച ദിവസത്തിലാണ് ഷാറുഖിന്റെ ജയില്‍ സന്ദര്‍ശനം. നേരത്തേ, ജയിലില്‍ തടവുകാരെ കാണാന്‍ പുറത്തുനിന്നുള്ള ആരെയും അനുവദിച്ചിരുന്നില്ല. ഇപ്പോള്‍, രണ്ട് പേര്‍ക്ക് ജയിലില്‍ കഴിയുന്നയാളെ സന്ദര്‍ശിക്കാം.

Top